കോളേരി: പൂതാടി പഞ്ചായത്തിലെ പാപ്ളശ്ശേരി, ചേലക്കൊല്ലി, മരിയനാട് പ്രദേശങ്ങളിൽ കാട്ടാനശല്യം രൂക്ഷമായി. കടുവ, മാൻ, കുരങ്ങ്, പന്നി, മയിൽ എന്നിവയുടെ ശല്യംമൂലം യാതൊരുതരത്തിലുള്ള കൃഷിയും ചെയ്യാൻപറ്റാതെ ബുദ്ധിമുട്ടിലായ കർഷകർക്ക് കാട്ടാനയുടെ ശല്യവും രൂക്ഷമായതോടെ എല്ലാം ഇട്ടെറിഞ്ഞുപോകേണ്ട സ്ഥിതിയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് നാട്ടുകാർ ചേർന്ന് പ്രശ്നപരിഹാരത്തിനായി പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. എന്നാൽ, അന്ന് അധികൃതർ നൽകിയ ഉറപ്പുകളൊന്നും പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വ്യാഴാഴ്ച ഇളംപുരയിടത്തിൽ രാജപ്പന്റെ കൃഷിയിടത്തിലെ വാഴ, തെങ്ങ്, കമുക്, കാപ്പി തുടങ്ങിയവ കാട്ടാനകൾ നശിപ്പിച്ചു.