കോളേരി: പൂതാടി പഞ്ചായത്തിലെ മരിയനാട്, ചേലക്കൊല്ലി, വട്ടത്താനി, പാപ്ളശ്ശേരി, ഗാന്ധിനഗർ, അഴീക്കോടൻ നഗർ മേഖലകളിലെ വന്യമൃഗശല്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സമരം ശക്തമാക്കുന്നു. വന്യമൃഗശല്യം തടയുന്നതിൽ വീഴ്ചവരുത്തുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച പുല്പള്ളി ഫോറസ്റ്റ് റെയ്‌ഞ്ച് ഓഫീസിലേക്ക് മാർച്ച് നടത്തും. തുടർന്നും പരിഹാരമുണ്ടായില്ലെങ്കിൽ ശക്തമായ സമപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

സന്ധ്യമയങ്ങിയാൽ പുറത്തിറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയിലാണ് ഈ പ്രദേശങ്ങൾ. കാട്ടാനയും കാട്ടുപന്നിയും കടുവയും കുരങ്ങുമെല്ലാം സാധാരണ ജീവിതം താറുമാറാക്കിയ മേഖലയിൽ കാട്ടാനക്കൂട്ടവും നാശംവിതക്കുന്നുണ്ട്. നിർമാണത്തിലെ അപാകംമൂലം ചേലക്കൊല്ലി ഭാഗത്തെ കരിങ്കൽ ഭിത്തി തകർന്ന നിലയിലാണ്. ട്രഞ്ചുകൾ പലയിടത്തും ഇടിഞ്ഞ് ഇല്ലാതായി. വന്യമൃഗശല്യം തടയാൻ വനംവകുപ്പ് തയാറാവുന്നില്ലെന്ന് കർമസമിതി ആരോപിച്ചു. വന്യമൃഗങ്ങൾക്കുള്ള സംരക്ഷണംപോലും മനുഷ്യജീവന് ലഭിക്കുന്നില്ല. കാടും നാടും വേർതിരിച്ച് മനുഷ്യജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ അധികാരികൾ തയ്യാറാവണം. റെയിൽ ഫെൻസിങ്‌പോലുള്ള ശാശ്വതപരിഹാരമാർഗങ്ങൾ നടപ്പാക്കണം. കർമസമിതി ചെയർമാൻ ഇ.വി. രാജപ്പൻ, കൺവീനർ സജീവൻ മിറ്റത്താനിക്കൽ എന്നിവർ സംസാരിച്ചു.