ചൂരൽമല: ‘‘ഇനിയുമിങ്ങനെ മഴപെയ്താൽ എന്റെ വീടൊലിച്ചുപോകും. ഞാനും അതോടൊപ്പമുണ്ടാകും. മാറിത്താമസിക്കാൻ ഗതിയില്ലാത്തതിനാൽ വരുന്നിടത്തുവെച്ച് കാണാമെന്ന തീരുമാനത്തിൽ കഴിയുകയാണ്’’-ചൂരൽമല അംബേദ്കർ കോളനിയിലെ തിരുവോത്ത് ഗീത പറയുന്നു. ഇവർ മാത്രമല്ല, ചൂരൽമലയിലെ ഈ കുന്നിൻചെരുവിൽ താമസിക്കുന്ന അമ്പതോളം കുടുംബങ്ങൾ വലിയ പ്രതിസന്ധിയിലാണ്. മണ്ണിടിയുന്നകുന്ന് ഒരുഭാഗത്ത്. കരകവിയുന്ന തോട് മറുവശത്ത്. തട്ടുതട്ടായി സ്ഥിതിചെയ്യുന്ന വീടുകൾ. വിള്ളൽ വീണുകൊണ്ടിരിക്കുന്ന വീടുകൾക്കുള്ളിൽ ഉറക്കമില്ലാത്ത രാത്രികളാണിവർക്ക്. മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടുമ്പോൾ അംബേദ്കർ കോളനിക്കാരുടെ മനസ്സിൽ വെള്ളിടി വെട്ടുകയാണ്.

മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ പന്ത്രണ്ടാംവാർഡിലെ കുടുംബങ്ങളാണ് മണ്ണിടിച്ചിൽ ഭീതിയിലുള്ളത്. റോഡിനിരുവശവും താമസിക്കുന്നവർ സ്വസ്ഥമായി ഉറങ്ങിയിട്ട് നാളേറെയായി. ഓരോ മഴയിലും മണ്ണിടിഞ്ഞുകൊണ്ടിരിക്കുന്നതാണ് ഇവരുടെ ഉറക്കം കെടുത്തുന്നത്. റോഡിന് മുകൾഭാഗത്തുള്ള വീടുകൾക്ക് മുമ്പിലും പുറകിലും മണ്ണിടിയുന്നുണ്ട് ഇപ്പോഴും. വാഹനങ്ങൾ പോകുമ്പോൾ താഴെയുള്ള വീടുകൾ വിറകൊള്ളുകയാണ്. പിഞ്ചുകുട്ടികളുമായി വീടിനുള്ളിരിക്കാൻപോലും ഭയമാണ്. പത്തുദിവസത്തോളം ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞ ഇവർ തിരിച്ചെത്തിയിരിക്കുന്നത് ആശങ്കകളുടെ നടുവിലേക്കാണ്.

സുരക്ഷയില്ല ഈ തുരുത്തിൽ

അംബേദ്കർ കോളനി റോഡ് അവസാനിക്കുന്നിടത്താണ് തിരുവോത്ത് ഗീതയുടെ വീട്. വാഹനമെത്തുന്നിടം കഴിഞ്ഞ് പിന്നെയും നടക്കണം. ഒാഗസ്റ്റ് ഒൻപതിന് വീടിന് പിറകിൽ ഉരുൾപൊട്ടലിന് സമാനമായ മണ്ണിടിച്ചിലുണ്ടായി. അങ്ങനെ ഗീതയും കുടുംബവും ദുരിതാശ്വാസക്യാമ്പിലെത്തി. ഉരുൾപൊട്ടലിൽ വീടിന്റെ വലതുവശം ചേർന്ന് മരങ്ങളും പാറയും കുത്തിയൊലിച്ചുപോയി. ഭാഗ്യംകൊണ്ടുമാത്രം ഗീതയുടെ വീട് അവശേഷിച്ചു. എങ്കിലും മണ്ണിടിഞ്ഞ് അടുക്കള പൂർണമായി തകർന്നു.

വിണ്ടുകീറിയ ഭിത്തിയും പാതി തകർന്ന മേൽക്കൂരയും. ദുരിതാശ്വാസക്യാമ്പിൽനിന്ന് തിരികെയെത്തിയെങ്കിലും ഒന്നും പൂർവസ്ഥിതിയിലാക്കാൻ ഇവർക്കായിട്ടില്ല. തേയില വളരുന്ന കുന്നിൻചെരുവിൽ ഇനിയും മണ്ണിടിയാൻ കണക്കിന് വിള്ളൽ വീണിട്ടുണ്ട്. വാടകവീട്ടിലേക്ക് മാറാൻ പഞ്ചായത്ത് അധികൃതർ പറയുന്നു. കൂലിപ്പണിക്കാരിയായ തനിക്ക് എങ്ങനെ വാടകനൽകാനാകുമെന്ന് ഗീതയുടെ ചോദ്യം. ഇത്രയൊക്കെ സംഭവിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്ന സങ്കടമാണിവർക്ക്. രണ്ടുവർഷവും ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞിട്ടും സർക്കാരിന്റെ സഹായമൊന്നും കിട്ടിയില്ല.

ഇനി ജീവിതം അപകടമുനമ്പിൽ

വെള്ളാംചേരി ഹംസ കൂലിപ്പണിയെടുത്ത് വർഷങ്ങൾക്കൊണ്ടൊരു വീടുണ്ടാക്കി. പക്ഷേ, രണ്ടുവർഷമായി ഇതിനുള്ളിൽ കിടന്നാൽ ഉറക്കംവരില്ല. ഒാഗസ്റ്റ് ഒൻപതിലെ മഴയിൽ ഹംസയുടെ വീടിന് മുന്നിൽ മണ്ണിടിഞ്ഞു. ഇരുപതടിയോളം താഴേക്ക് മണ്ണ് ഊർന്നിറങ്ങി. സുരക്ഷാഭിത്തി ഇല്ലാത്തതിനാൽ ഇപ്പോഴും മണ്ണിടിയുകയാണ്. മഴവെള്ളം കിനിഞ്ഞിറങ്ങാതിരിക്കാൻ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് പുതച്ചിരിക്കുകയാണ് വീടിൻ മുൻവശം. കൊച്ചുകുട്ടികളെ വീട്ടിൽനിന്ന് പുറത്തിറക്കാൻ ഭയമാണ്. കഴിഞ്ഞമഴക്കാലത്തും മണ്ണിടിഞ്ഞു. അധികൃതർ വന്നുനോക്കിയെങ്കിലും പരിഹാരമൊന്നും ഉണ്ടായില്ല. തട്ടാറത്തൊടി സുനന്ദ, ചേലമ്പാടൻ ഉബൈദ്, കളത്തിൽ സഫിയ തുടങ്ങിയവരും മണ്ണിടിച്ചിൽ ഭീതിയിലാണ് കഴിയുന്നത്. മഴ ശമിച്ചിട്ടില്ല, അധികൃതർ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇരുനൂറോളം കുടുംബങ്ങൾ അധിവസിക്കുന്ന ഇവിടം വാസയോഗ്യമല്ലാതാകും. ഒഴിഞ്ഞുപോകാൻ വേറെ ഇടമില്ലാത്തതിനാൽ എല്ലാംസഹിച്ച് ജീവിക്കുകയാണ് ഈ കുടുംബങ്ങൾ.