സുൽത്താൻബത്തേരി : സി.പി.ഐ.യിലെ ഗ്രൂപ്പുപോര് മറയ്ക്കാൻ കേരള കോൺഗ്രസ് എമ്മിന്റെ മെക്കിട്ടുകയറരുതെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്-എം നേതാവ് കാനത്തിന് കത്തയച്ചു. കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ കെ.ജെ. ദേവസ്യയാണ് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്തയച്ചത്.

സി.പി.ഐ.യുടെ നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനറിപ്പോർട്ടിൽ കേരള കോൺഗ്രസ്- എമ്മിനുനേരെയുണ്ടായ പരാമർശങ്ങൾക്കുപിന്നാലെയാണ് കെ.ജെ. ദേവസ്യ കത്തയച്ചത്. ഇടതുപക്ഷത്തോടുചേർന്ന് പ്രവർത്തിക്കുന്ന തങ്ങളെ സ്ഥാനത്തും അസ്ഥാനത്തും കുത്തിമുറിവേൽപ്പിക്കാനുള്ള കാനം രാജേന്ദ്രന്റെ നീക്കം വേദനാജനകമാണെന്നും കത്തിൽ പറയുന്നു.

നിയമസഭാതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്-എം നേടിയ 3.28 ശതമാനം വോട്ടാണ് എൽ.ഡി.എഫിന് ചരിത്രവിജയംനേടി തുടർഭരണം നേടിയെടുക്കാൻ സഹായകമായതെന്നും കത്തിലുണ്ട്‌.

Content Highlights: Kerala congress (m) leader wrote letter to cpi leader kanam rajendran