വടകര: അണികളിൽ ആവേശംനിറയ്ക്കുന്ന സി.പി.എമ്മിന്റെ താരപ്രചാരകനായ പി. ജയരാജന്റെ അസാന്നിധ്യം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ ക്യാപ്റ്റനെന്നു വിശേഷിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ പി. ജയരാജൻ വീണ്ടും വാർത്തകളിൽനിറഞ്ഞ സാഹചര്യത്തിലാണ് പ്രചാരണരംഗത്തെ അദ്ദേഹത്തിന്റെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുന്നത്.

വടകര, നാദാപുരം, കുറ്റ്യാടി എന്നീ മണ്ഡലങ്ങളിൽ ഒരുയോഗത്തിൽപോലും അദ്ദേഹം ഇക്കുറി പ്രസംഗിച്ചിട്ടില്ല. അദ്ദേഹത്തിന്റെ സഹോദരിയും മുൻ എം.പി.യുമായ പി. സതീദേവിക്കാണ് വടകരയിൽ തിരഞ്ഞെടുപ്പ് ചുമതല. എങ്കിലും ജയരാജനെ താലൂക്കിലൊരിടത്തും ഒരു പരിപാടിയിലേക്കും പാർട്ടി നിയോഗിച്ചിട്ടില്ല.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന സി.പി.എം. സംസ്ഥാനകമ്മിറ്റിയംഗമായ പി. ജയരാജന്റെ അസാന്നിധ്യം ഇക്കുറി തുടക്കംമുതലേ ശ്രദ്ധിക്കപ്പെട്ടിരുന്നു. സംഘടനാപരമായും വ്യക്തിപരമായും വടകരമേഖലയുമായി ഏറെ അടുപ്പമുള്ള അദ്ദേഹത്തെ പ്രചാരണത്തിന് ഉപയോഗപ്പെടുത്തുമെന്നാണ് പാർട്ടിപ്രവർത്തകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, പ്രചാരണം അവസാനിക്കുമ്പോഴും അദ്ദേഹമെത്താതായതോടെ ആ പ്രതീക്ഷ അസ്ഥാനത്തായി.

കണ്ണൂർ ജില്ലയാണ് പ്രവർത്തനമണ്ഡലമെങ്കിലും വടകര താലൂക്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട ഏതുകാര്യത്തിനും ഓടിയെത്തുന്ന നേതാവാണ് പി. ജയരാജൻ. എ. കണാരനുൾപ്പെടെയുള്ള പഴയകാല നേതാക്കളുടെ കാലംമുതലേയുള്ള ബന്ധമാണത്. അദ്ദേഹത്തിന്റെ ആരാധകസംഘം രൂപവത്കരിച്ച ‘പി.ജെ. ആർമി’ എന്ന കൂട്ടായ്മയ്ക്കും ഈ പ്രദേശങ്ങളിൽ ഏറെ സ്വീകാര്യത ലഭിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം സ്ഥാനാർഥിയായപ്പോൾ യുവാക്കൾക്കിടയിൽ വലിയ ആവേശമാണുണ്ടായത്. ഈ സാഹചര്യത്തിലാണ് നിർണായകമായ പോരാട്ടം നടക്കുന്ന നിയമസഭാതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ അസാന്നിധ്യം ചർച്ചയാകുന്നത്.

വടകരയിൽ കെ.കെ. രമയുടെ സ്ഥാനാർഥിത്വവും കുറ്റ്യാടിയിൽ പ്രവർത്തകരുടെ പ്രകടനത്തെത്തുടർന്നുണ്ടായ സി.പി.എം. സ്ഥാനാർഥിത്വവും സംസ്ഥാനമെങ്ങും ശ്രദ്ധിക്കപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുതവണ ഇവിടെ പ്രചാരണത്തിനെത്തി. കോടിയേരി ബാലകൃഷ്ണൻ, എ. വിജയരാഘവൻ തുടങ്ങിയ മുതിർന്ന നേതാക്കളും ഈ മേഖലയിൽ പ്രചാരണത്തിനെത്തി.

കൊലപാതകരാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകളോട് അകലംപാലിച്ചാണ് സി.പി.എം. പ്രചാരണം. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം, ആർ.എം.പി., കെ.കെ. രമ തുടങ്ങിയവയൊന്നും പരാമർശിക്കാതിരിക്കാൻ ഏറെ ശ്രദ്ധിക്കുന്നുണ്ട്. അത്തരം പരാമർശങ്ങൾ എതിരാളികൾക്ക് അനുകൂലമാകുമെന്ന നിഗമനത്തിലാണ് ഈ കരുതൽ.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ കെ.കെ. രമ മത്സരിച്ചപ്പോൾ അവർക്കെതിരേ കടുത്ത വിമർശനം സി.പി.എം. അഴിച്ചുവിട്ടിരുന്നു. സാമൂഹികമാധ്യമങ്ങളിലുൾപ്പെടെയുള്ള അത്തരം കടന്നാക്രമണങ്ങൾ തിരിച്ചടിക്കുമെന്ന വിലയിരുത്തലിലാണ് ഇക്കുറി എതിരാളിയെക്കുറിച്ച് പരാമർശിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത്.

Content Highlights: Kerala assembly election 2021, p jayarajan