സുൽത്താൻബത്തേരി: കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ ഗതാഗത നിരോധനത്തിനെതിരേ വയനാടിന് പിന്നാലെ കർണാടക അതിർത്തി ഗ്രാമങ്ങളിലും സമരങ്ങൾ ശക്തമാകുന്നു. കാവൽപ്പട സമരസമിതിയാണ് കർണാടകയിലെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. കഴിഞ്ഞദിവസം ഗുണ്ടൽപേട്ടിൽ കാവൽപ്പട സമരസമിതിയുടെയും വിവിധ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ഞായറാഴ്ച കേരള-കർണാടക അതിർത്തിയിലെ വനംവകുപ്പിന്റെ ചെക് പോസ്റ്റിലേക്ക് മാർച്ചും സമരസമിതി പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയപാതയിലെ ഗതാഗതം നിരോധിച്ചാൽ കർണാടകയിലെ അതിർത്തി നഗരമായ ഗുണ്ടൽപേട്ട് തീർത്തും ഒറ്റപ്പെടുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
യാത്ര നിരോധിച്ചാൽ കേരളത്തിലേക്ക് പ്രധാനമായി പച്ചക്കറി എത്തിക്കുന്ന ഗുണ്ടൽപേട്ടിലെ കർഷകർക്ക് കനത്ത പ്രതിസന്ധിയാവും. ഗുണ്ടൽപേട്ടിൽ പച്ചക്കറിയും പൂവും കൃഷി ചെയ്യുന്നത് പ്രധാനമായും കേരളവിപണിയെ ലക്ഷ്യമിട്ടാണ്. ഇവിടുത്തെ മാർക്കറ്റിൽ നിന്നാണ് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്ക് പച്ചക്കറി എത്തുന്നത്. യാത്രാ നിരോധനംവന്നാൽ തങ്ങളുടെ ഉത്പന്നങ്ങൾക്ക് വിപണി നഷ്ടമാകുമെന്ന ആശങ്കയിലാണ് കർണാടക അതിർത്തി ഗ്രാമങ്ങളിലെ കർഷകരെല്ലാം. ആയിരക്കണക്കിനാളുകളാണ് ഇവിടെ ഈ മേഖലയിൽ ജോലി ചെയ്യുന്നത്.
യാത്രാനിരോധന നീക്കത്തിനെതിരേ കർണാടക അതിർത്തി ഗ്രാമങ്ങളിൽ വലിയ കൂട്ടായ്മകൾ രൂപവത്കരിച്ചിട്ടുണ്ട്. കർഷകരും വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളും ഈ കൂട്ടായ്മകളുടെ ഭാഗമാണ്. ഒട്ടേറെ തവണ വയനാട്ടിൽ പ്രവർത്തിക്കുന്ന കർമ സമിതിയുമായി കർണാടകയിലെ കൂട്ടായ്മകൾ ഈ വിഷയത്തിൽ ചർച്ച നടത്തിയിരുന്നു. ഗുണ്ടൽപേട്ട് എം.എൽ.എ. നിരഞ്ജൻകുമാർ, ഗുണ്ടൽപേട്ട് നഗരസഭാ ചെയർമാൻ പി. ഗിരീഷ് തുടങ്ങിയ ജനപ്രതിനിധികളും യാത്രാനിരോധന വിഷയത്തിൽ ജനങ്ങൾക്കൊപ്പമാണ്.
ദേശീയപാതയിലെ ഗതാഗതം സംരക്ഷിക്കുന്നതിനായി കേരളത്തോടൊപ്പം യോജിച്ചുപ്രവർത്തിക്കുമെന്ന് നിരഞ്ജൻകുമാർ എം.എൽ.എ. നേരത്തെ വ്യക്തമാക്കിയിരുന്നു. ബത്തേരിയിൽ യുവജന സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച അനിശ്ചിതകാല നിരാഹാര സമരമാതൃകയിലുള്ള പ്രക്ഷോഭങ്ങൾക്കും കാവൽപ്പട സമരസമിതി ആലോചിക്കുന്നുണ്ട്. മൂന്ന് ദിവസമായി താലൂക്ക് ഓഫിസ് മാർച്ച്, പന്തം കൊളുത്തി പ്രകടനം തുടങ്ങിയ പ്രതിഷേധ സമരങ്ങൾ കർണാടകയിൽ നടന്നുവരികയാണ്. കാവൽപ്പട സമരസമിതി കൺവീനർ കുഞ്ഞ് കുട്ടി, ആലത്തൂർ ജയറാം, ശ്രീനിവാസ് ദിവാസ് തുടങ്ങിയവർ നേതൃത്വം നൽകി. ദേശീയപാതയിലെ യാത്രാ നിരോധനത്തിനെതിരേ വയനാട്ടിൽ സംഘടിപ്പിച്ച സമരങ്ങൾക്കെല്ലാം ഈ മേഖലയിൽ നിന്നുള്ള ജനപ്രതിനിധികളും സംഘടനകളും വ്യക്തികളുമെല്ലാം നേരിട്ടെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. അതേസമയം രാത്രിയാത്രാനിരോധനം നീക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രചാരണപരിപാടികളും കർണാടകയിൽ നടക്കുന്നുണ്ട്.
content highlights: Karnataka agitation