കണിയാമ്പറ്റ: അമ്പലച്ചാൽ കോളനിയിലെ കല്ലമ്പുള്ളി ആയിഷയുടെ വീട് ഇത്തവണയും കാറ്റിലും മഴയിലും തകർന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ആയിഷയുടെ വീടിന്റെ ഷീറ്റുകൾ കാറ്റിൽ തകർന്നിരുന്നു. അന്ന് നാട്ടുകാർ പിരിവെടുത്താണ് ആസ്ബറ്റോസ് ഷീറ്റുകൾ മാറ്റിയത്. ഇത്തവണ ഷീറ്റുകൾ തകർന്നതിന് പുറമെ വീടിന്റെ ഭിത്തിയും തകർന്നു. എല്ലാ ഭാഗങ്ങളിലും വിള്ളലുകൾ വന്നതോടെ വീട് തീർത്തും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണ്.
88 വയസ്സുള്ള ആയിഷയുടെ ഉമ്മ ഫാത്തിമയും മക്കളായ 15 വയസ്സുകാരൻ ഫൈസലും, നാലര വയസ്സുള്ള ബിലാലുമാണ് ഈ വീട്ടിൽ താമസം. ഉമ്മ ഫാത്തിമ വർഷങ്ങളായി കിടപ്പിലാണ്. ഇത്തവണത്തെ ശക്തിയേറിയ മഴയിൽ വീടിന് കേടുപാട് പറ്റുകയും സമീപത്തെ ആദിവാസി കോളനിയിലും വയലുകളിലും വെള്ളം കയറിയതോടെ ഫാത്തിമയെ നാട്ടുകാർ മകന്റെ വീട്ടിലെത്തിക്കുകയായിരുന്നു. ഏത് സമയത്തും നിലം പൊത്തുമെന്ന നിലയിലാണ് വീട്. വീട് അപകടാവസ്ഥയിലായതിനാൽ അര കിലോമീറ്റർ മാറി രണ്ടാഴ്ചയായി ഒരു വാടകവീട്ടിൽ കഴിയുകയാണ് ആയിഷയും കുടുംബവും.