കമ്പളക്കാട്: പ്രളയം തകർത്ത റോഡിൽ മണ്ണിടിഞ്ഞുതാഴുന്നു. കമ്പളക്കാട് - എ.പി.ജെ. നഗർ റോഡിലാണ് ഈ ദുരവസ്ഥ. കഴിഞ്ഞ പ്രളയത്തിന്റെ വെള്ളപ്പാച്ചിലിൽ തകർന്ന കോൺക്രീറ്റ് റോഡ് നന്നാക്കാത്തതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.
ഡ്രൈനേജിലൂടെ ടൗണിൽനിന്നും മറ്റും ഒഴുകി എത്തുന്ന വെള്ളമാണ് വിനയാവുന്നത്. വെള്ളപ്പാച്ചിലിൽ രണ്ട് വർഷം മുമ്പ് പ്രവൃത്തി നടത്തിയ റോഡും തോടിന്റെ കെട്ടും കഴിഞ്ഞ പ്രളയകാലത്ത് തകർന്നു. കമ്പളക്കാട് ടൗണിൽ നിന്നുള്ള മലിനജലം ഉൾപ്പെടെ എ.പി.ജെ. നഗറിലൂടെയാണ് ഒഴുക്കി കളയുന്നത്. കുടിവെള്ള പദ്ധതിയുടെ ടാങ്ക് ആഴ്ചയിൽ രണ്ട് തവണ കഴുകാറുണ്ട്. ടാങ്ക് ശുചിയാക്കി വെള്ളം ഒഴുക്കുന്നതും ഈ അഴുക്കുചാലിലൂടെയാണ്. തോടും റോഡും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികളായ പനങ്ങോട്ടുമ്മൽ ഗംഗാധരൻ, സോമയിൽ കുഞ്ഞീരുമ്മ എന്നിവർ പറഞ്ഞു.
കണിയാമ്പറ്റ പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽപ്പെടുന്ന റോഡിന്റെ 10 മീറ്ററോളം ഭാഗം പാടെ തകർന്നിരിക്കുകയാണ്. കോൺക്രീറ്റ് അടർന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ്. താത്കാലികമായി നാട്ടുകാർ കവുങ്ങിൻ തടി വിരിച്ചാണ് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ ഇപ്പോൾ നടന്നു പോവുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡിൽ മണ്ണിടിച്ചിലും വ്യാപകമായി. സമീപത്തെ മേലെ ചെരളിൽ എം.സി. സിറാജിന്റെ വീടിനും തോട് കവിഞ്ഞൊഴുകുന്നത് വിനയായിട്ടുണ്ട്.
content highlights: Kampalakkadu bad road