കമ്പളക്കാട്: ടൗൺവികസനത്തിന്റെ ഭാഗമായി ഡ്രെയ്നേജ് നിർമിക്കുന്നത് അശാസ്ത്രീയമാണെന്നാരോപിച്ച് കണിയാമ്പറ്റ പഞ്ചായത്ത് 12-ാം വാർഡ് ശാന്തിനഗർ നിവാസികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പള്ളിക്കുന്ന് റോഡിൽ പ്രധാന റോഡരികിലൂടെ പോവേണ്ട ഡ്രെയ്നേജ് ശാന്തിനഗർ-ചെമ്പൻകൊല്ലി പ്രദേശത്തേക്ക് തിരിച്ച് വിടുന്നതിനെതിരേയാണ് പ്രതിഷേധം. ടൗണിലെ മുഴുവൻവെള്ളവും മാലിന്യവും ജനവാസ കേന്ദ്രത്തിലേക്കെത്തിക്കുന്ന രീതിയിലാണ് ഇപ്പോൾ ഡ്രെയ്നേജ് പണിയുന്നത്. ഇത് നാൽപ്പതിലധികം വീടുകളുടെയും നിരവധി കൃഷിസ്ഥലങ്ങളുടേയും നിലനിൽപ്പിനെ അപകടത്തിലാക്കും.
കഴിഞ്ഞപ്രളയകാലത്ത് പള്ളിക്കുന്ന് റോഡിലെ വെള്ളം ഇതുവഴി കുത്തിയൊലിച്ച് വന്നതിനെത്തുടർന്ന് പ്രദേശവാസികളിൽ ചിലരുടെ വീടുകൾക്ക് കേടുപാട് പറ്റുകയും ഭൂമി കുത്തിയൊലിച്ച് പോവുകയും ചെയ്തിരുന്നു. ടൗണിലെ മൊത്തംവെള്ളം ഇതുവഴി തിരിച്ചുവിടുമ്പോൾ പ്രളയകാലത്ത് പ്രത്യാഘാതങ്ങൾ ഇരട്ടിയാകുമെന്നാണ് പ്രദേശവാസികളുടെ ഭീതി. മാത്രമല്ല ടൗണിലെ അഴുക്കുജലവും മാലിന്യവും ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്തേക്ക് തുറന്നു വിടുന്നത് ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ഗ്രാമപ്പഞ്ചായത്തിനും കളക്ടർക്കും പൊതുമരാമത്ത് എ.ഇ.ക്കും നിവേദനം നൽകും. അനുകൂലമായ തീരുമാനമുണ്ടായില്ലെങ്കിൽ നിർമാണപ്രവൃത്തി തടയുന്നതുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കും.
പത്രസമ്മേളനത്തിൽ സമരസമിതി ചെയർമാൻ വി.കെ. ഹംസ, കൺവീനർ എം.കെ. മുനീർ, വേണു സംഗമം, ഹാരിസ് മാട്ടായി തുടങ്ങിയവർ പങ്കെടുത്തു.