കല്പറ്റ: മൂന്ന് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന മാവോവാദികളുടെ പ്രധാന ഇടത്താവളമായി വയനാട് മാറിയിട്ട് കാലങ്ങളായി. കേന്ദ്രനേതാക്കളടക്കം നാല്പതോളം പേരുള്ള വലിയ സംഘം ജില്ലയിലെ വനമേഖലയിലെ അതിർത്തിപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തമ്പടിച്ചതായി കേന്ദ്രരഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.
2013-ലാണ് ജില്ലയിൽ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കുന്നത്. തൊട്ടടുത്ത വർഷംതന്നെ പോലീസിന് മാവോവാദികൾ വെല്ലുവിളിയായി.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തിപങ്കിടുന്ന വനമേഖലകളാണ് പ്രധാന മാവോവാദി താവളങ്ങൾ. കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈജങ്‌ഷനും പ്രധാന ഇടനാഴിയാണ്. ഈ സംസ്ഥാനങ്ങളിലൂടെ ദണ്ഡകാരണ്യ റെഡ് കോറിഡോർ മാതൃകയിൽ മാവോവാദികളുടെ ഇടനാഴികൾ നിലവിലുണ്ടെന്നും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്ന്് അതിർത്തിഗ്രാമങ്ങളിൽ മൂന്നു സംസ്ഥാനങ്ങളിലെയും പോലീസ് സംയുക്തമായും അല്ലാതെയും പരിശോധനകൾ ശക്തമാക്കിയിരുന്നു.
കേന്ദ്രകമ്മറ്റി അംഗമായിരുന്ന കുപ്പുദേവരാജ് നിലമ്പൂർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടശേഷം കർണാടക സ്വദേശിയായ ബി.ജി കൃഷ്ണമൂർത്തിയാണ് സി.പി.ഐ മാവോവാദി പശ്ചിമഘട്ട പ്രത്യേക സോണൽകമ്മിറ്റിയെ നയിക്കുന്നത്. വയനാടിന്റെ അതിർത്തിമേഖലകൾ കേന്ദ്രീകരിച്ചാണ് കൃഷ്ണമൂർത്തി സംഘടനയെ നിയന്ത്രിക്കുന്നതെന്നാണ് കരുതുന്നത്. അദ്ദേഹത്തോടൊപ്പം കേന്ദ്രകമ്മിറ്റി അംഗമായ സഞ്ജയ് ദീപക് റാവു, പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ചുമതലയുള്ള വിക്രം ഗൗഡ, മണിവാസകം, സി.പി. മൊയ്തീൻ, സുന്ദരി, കവിത, തുടങ്ങിയ പ്രമുഖനേതാക്കളും ട്രൈജങ്‌ഷൻ ഉൾപ്പെടെയുള്ള മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നാണ് കരുതുന്നത്. വിവിധ ദളങ്ങളായാണ് സി.പി.ഐ. മാവോവാദി സംഘടനയുടെ പ്രവർത്തനമെങ്കിലും പല ദളങ്ങളിലേയും നേതാക്കൾ ഇപ്പോൾ മാറിമാറി എത്തുന്നതായും പോലീസ് സ്ഥിരീകരിക്കുന്നു.
ആയുധധാരികളായ സംഘം അടുത്തിടെ വയനാട്ടിൽ പലമേഖലകളിലും എത്തിയിരുന്നു. തലപ്പുഴയിലും സുഗന്ധഗിരിയിലും തിരുനെല്ലിയിലും ഒരേസമയം പോസ്റ്ററൊട്ടിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. കണ്ണൂർ ജില്ലയിലും സമാനമായ രീതിയിൽ പരസ്യമായി തെരുവിലിറങ്ങുന്ന സാഹചര്യമുണ്ടായി. കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും മലയോര മേഖലകളിൽ സായുധ മാവോവാദി സംഘം സ്ഥിരമായെത്തി പണവും ആഹാരസാധനങ്ങളും ശേഖരിക്കുകയും രാഷ്ട്രീയ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമിയും വനമേഖലകളിലുണ്ട്. കർണാടകക്കാരാണ് സംഘത്തിൽ കൂടുതൽ. വയനാട്ടിൽ വിവിധ മേഖലകളിൽ നിന്ന് മാവോവാദികൾക്ക് പ്രാദേശിക പിന്തുണ കിട്ടുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. ജില്ലയിൽ നിന്ന് കൂടുതൽ പേരെ സംഘത്തിൽ ചേർക്കാനുള്ള ശ്രമങ്ങളും മാവോവാദികൾ തുടങ്ങിയിരുന്നു. തൊഴിലാളികൾക്കിടയിലും ആദിവാസികൾക്കിടയിലും സ്വാധീനമുറപ്പിക്കാനാണ് കേരളത്തിൽ മാവോവാദികൾ ശ്രമിച്ചുവരുന്നത്.
content highlights: Kalpatta,wayanad maoist camp, lakkidi maoist encounter,cp jaleel