കല്പറ്റ: പേമാരിയിൽ റബ്ബർ കൃഷി മേഖലയും തകർന്നടിഞ്ഞു. മഴയൊക്കെമാറിയെങ്കിലും ടാപ്പിങ് നടത്താൻപോലും സാധിക്കാതെ ബുദ്ധിമുട്ടിലായിരിക്കുകയാണ് റബ്ബർ കർഷകർ. ജൂൺമാസം മുതലാണ് റബ്ബറിന് നല്ല വിളവുകിട്ടുന്നത്. എന്നാൽ ഈവർഷം മുൻ വർഷങ്ങളെ അപേക്ഷിച്ച് മഴ ഇടതടവില്ലാതെ പെയ്തതാണ് കർഷകർക്ക് വിനയായത്.

ഏപ്രിൽ മുതലാണ് ടാപ്പിങ് ആരംഭിക്കുന്നത്. എന്നാൽ ഏപ്രിൽ, മേയ് മാസങ്ങളിലെ വരൾച്ചകാരണം ഉത്പാദനം കുറയാറുണ്ട്. അപ്പോഴെല്ലാം റബ്ബർ കർഷകരുടെ പ്രതീക്ഷ ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളാണ്. റബ്ബർ മരങ്ങളിൽ റെയിൻ ഗാർഡുകൾ വെച്ചശേഷമാണ് മഴക്കാലത്ത് ടാപ്പിങ് നടക്കാറ്. ഈ വർഷവും റബ്ബർ ബോർഡിന്റ നേതൃത്വത്തിൽ റെയിൻ ഗാർഡുകൾ വെച്ചിരുന്നെങ്കിലും കനത്ത മഴകാരണം ടാപ്പിങ് നടന്നില്ല. 2000 ഹെക്ടർ റബ്ബർ തോട്ടമാണ് ജില്ലയിലുള്ളത്. ഇതിൽ 250 ഹെക്ടറോളം റബ്ബർതോട്ടം ദിവസങ്ങളോളം വെള്ളത്തിനടിയിലായി. ഇതുകാരണം ഉത്പാദനത്തിൽ 50 ശതമാനത്തിന് മുകളിൽ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.

ഇലകൊഴിയലും ചീയലും

മഴകാരണം റബ്ബർ മരങ്ങൾക്ക് ഉണ്ടായ ഇലകൊഴിച്ചിലും ചീയലുമാണ് കർഷകർ നേരിടുന്ന മറ്റൊരുപ്രശ്നം. ദിവസങ്ങളോളം തോട്ടങ്ങളിൽ വെള്ളം കെട്ടിനിന്നതാണ് റബ്ബറിന്റെ ഇല കൊഴിയാനും തടിക്ക് ചീയൽ ഉണ്ടാവാനും കാരണമെന്ന് കർഷകർ പറയുന്നു. ജില്ലയിലെ 85 ശതമാനം തോട്ടങ്ങളിലും ഇലകൊഴിച്ചിൽ ബാധിച്ചിട്ടുണ്ട്.

സാധാരണ ഡിസംബർ, ജനുവരി മാസങ്ങളിലായാണ് റബ്ബറിന്റെ ഇല കൊഴിയാൻ തുടങ്ങുക. ഫെബ്രുവരി മാസത്തോടെ ഇലകൾ തളിർത്തുതുടങ്ങും. ഇല മൂത്തുകഴിഞ്ഞാൽ ഏപ്രിലിൽ ടാപ്പിങ് ആരംഭിക്കാൻ കഴിയും. വെള്ളം കെട്ടിനിന്ന പ്രദേശങ്ങളിലെ റബ്ബർ മരങ്ങളുടെ ചുവടുഭാഗത്താണ് ചീയൽ വന്നത്.

ഇലകൊഴിയലും ചീയലും ഒന്നിച്ചുവന്നതോടെ മരങ്ങൾ ഉണങ്ങിപ്പോകാൻ സാധ്യതയുണ്ടെന്ന് കർഷകർ പറയുന്നു. ഇതിനുപുറമേ കാറ്റിലും മഴയിലും റബ്ബർ മരങ്ങൾ ഒടിഞ്ഞുപോയതും നഷ്ടങ്ങളുടെ ആക്കംകൂട്ടുന്നു. ജില്ലയിൽ മഴക്കെടുതിയിൽ 1500-ലധികം റബ്ബർ മരങ്ങൾ കടപുഴകിയെന്നാണ് കണക്ക്.

വരാനിരിക്കുന്നത് വരുമാനമില്ലാത്ത മാസങ്ങൾ

മഴകാരണം റബ്ബറിന്റെ ഇലകൾ നേരത്തേ കൊഴിഞ്ഞുപോയതിനാൽ ഇനി ടാപ്പിങ് പറ്റില്ല. ഇലകൾ വന്ന് മൂപ്പെത്തിയാൽ മാത്രമേ ഇനി സാധ്യമാകുകയുള്ളൂ. അതിന് മാസങ്ങൾ കാത്തിരിക്കണം. റബ്ബർ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവർ വരുന്ന മാസങ്ങളിൽ കൂടുതൽ പ്രതിസന്ധിയിലാവും.

പുളിയംമാക്കിൽ ബിജു, പനമരം വിളമ്പുകണ്ടത്തെ റബ്ബർ കർഷകൻ