പ്രളയം പ്രഹരമേൽപ്പിച്ച കോട്ടത്തറയും അതിജീവനത്തിന്റെ പാതയിലാണ്. കബനി കമ്യൂണിറ്റി ടൂറിസം ആൻഡ് സർവീസും പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയായ ‘പ്രത്യാശ’യും ചേർന്ന് നടപ്പാക്കുന്ന ‘നാമ്പ്- നാം അൻപോടെ’ പദ്ധതിയിലൂടെയുള്ള കോട്ടത്തറയുടെ അതിജീവനം കാണാൻ വിദേശ സഞ്ചാരികളും എത്തി. ജർമനിയിൽനിന്നുള്ള പന്ത്രണ്ടംഗ സംഘമാണ് കൃഷിക്കാരുമായി നേരിട്ട് സംവദിക്കാനും കൃഷിരീതികൾ മനസ്സിലാക്കാനുമായി കോട്ടത്തറ പഞ്ചായത്തിലെ തെക്കും തറയിൽ എത്തിയത്. തെക്കുംതറയിൽ നാമ്പ് പദ്ധതിയിലൂടെയുള്ള കൃഷികളെക്കുറിച്ച് സംഘം കർഷകരോട് ചോദിച്ചറിഞ്ഞു. ജർമനിയിൽ സഹകരണ മേഖലയിൽ പ്രവർത്തിക്കുന്ന ദിനപത്രമായ ‘താസ്’ ആണ് പഠന യാത്രയൊരുക്കിയത്. വിനോദസഞ്ചാര മേഖലകളിൽ പോകാതെ കർഷകരെയും സാധാരണക്കാരെയും നേരിട്ടു കണ്ട് കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഘം കൂടുതൽ സമയം ചെലവഴിച്ചത്. പാടശേഖരങ്ങൾ സന്ദർശിച്ചശേഷം കർഷകർ ഒരുക്കിയ നാടൻഭക്ഷണവും കഴിച്ചാണ് ജർമൻ സംഘം മടങ്ങിയത്. തൃക്കൈപ്പറ്റയിലെ ഗ്രാമീണ ടൂറിസം മേഖലയും സംഘം സന്ദർശിച്ചു.

ആറ് ഏക്കർ നെൽക്കൃഷി

പ്രളയത്തെ തുടർന്ന് പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനായി തെക്കുംതറയിലെ ആറേക്കർ പാടത്താണ് നാമ്പിന്റെ ഭാഗമായി കൃഷി ഇറക്കിയിരിക്കുന്നത്. സഞ്ചാരികളിൽനിന്നും ഗുണഭോക്താക്കളിൽനിന്നും നിക്ഷേപം സ്വീകരിച്ചാണ് കൃഷി. രാസകീടനാശിനികൾ ഉപയോഗിക്കാതെയുള്ള ജൈവ അരി നിക്ഷേപകർക്ക് തിരിച്ചുനൽകും. നെൽക്കൃഷിയുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം സാംസ്കാരിക ആഘോഷങ്ങളാക്കി മാറ്റി ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിച്ച് സഞ്ചാരികളെ എത്തിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.