കല്പറ്റ: കപട രാജ്യസ്നേഹികളുടെ ഭരണകൂടഭീകരത തുറന്നുകാട്ടി കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥ ‘ആരാണ്‌ ഇന്ത്യക്കാർ’ ജില്ലയിൽ പര്യടനം തുടങ്ങി.

രാജ്യത്തെ വിഭജിക്കുന്നതിനെതിരേയുള്ള പ്രതിഷേധമുയർത്തിയാണ്‌ ജാഥ ജില്ലയിൽ പര്യടനം നടത്തുന്നത്. വെള്ളിയാഴ്ച കമ്പളക്കാട്ടുനിന്ന്‌ പര്യടനത്തിന്‌ തുടക്കംകുറിച്ച ജാഥ തിങ്കളാഴ്ച മാനന്തവാടിയിലാണ്‌ സമാപിക്കുന്നത്‌. ആദ്യദിനം പൂക്കോട്‌ വെറ്ററിനറി സർവകലാശാല ഓഡിറ്റോറിയത്തിലും മേപ്പാടി എം.എസ്‌.എ. ഓഡിറ്റോറിയത്തിലും കല്പറ്റ നഗരസഭാ ടൗൺഹാളിലും നാടകം അവതരിപ്പിച്ചു.

രണ്ടാം ദിനമായ ഞായറാഴ്ച പൂതാടി, ബത്തേരി എം.ഇ.എസ്‌. സ്കൂൾ, ബത്തേരി ടൗൺഹാൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സമാപനദിവസം പുല്പള്ളി പഴശ്ശിരാജ കോളേജിലെയും പനമരം ടൗണിലെയും വെള്ളമുണ്ടയിലെയും സ്വീകരണത്തിനുശേഷം ജാഥ മാനന്തവാടിയിൽ സമാപിക്കും.