കല്പറ്റ: പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസുകളിൽ പരിശോധന നടത്താനെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ച കേസിൽ നാലുപേരെ അറസ്റ്റുചെയ്തു. മേപ്പാടി കാപ്പംകൊല്ലി സ്വദേശി ഫിറോസ് (51), കല്പറ്റ മണിയങ്കോട് സ്വദേശി അനൂപ് (34), മീനങ്ങാടി കൃഷ്ണഗിരി സ്വദേശി ഷാനവാസ് (36), സുൽത്താൻബത്തേരി പള്ളിക്കണ്ടി സ്വദേശി ഫൈസൽ (38) എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റുചെയ്തത്. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ സംഘംചേർന്ന് തടഞ്ഞതിനും അസഭ്യം പറഞ്ഞതിനുമാണ് ഇവർക്കെതിരേ കേസെടുത്തിട്ടുള്ളത്.

ഫെബ്രുവരി നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വാതിൽ അടയ്ക്കാതെ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കുനേരെ നടപടിയെടുക്കുന്നതിന്റെ ഭാഗമായി പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹനവകുപ്പിലെ ഉദ്യോഗസ്ഥർക്കുനേരെ ഒരുസംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. ഇത്തരത്തിൽ കെ.എസ്.ആർ.ടി.സി. ബസുകളിലും പരിശോധന നടത്തണമെന്നതായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ബസ് പരിശോധന തടസ്സപ്പെടുത്തുകയും ചെയ്തു. ആർ‍.ടി.ഒ. നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. അറസ്റ്റുചെയ്യപ്പെട്ടവർ സ്വകാര്യ ബസ് ജീവനക്കാരും ബസുകളുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.