കല്പറ്റ: ഭരണഘടന സംരക്ഷിക്കുക, പൗരത്വനിയമഭേദഗതി പിൻവലിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽ.ഡി.എഫ്‌. റിപ്പബ്ലിക്‌ ദിനത്തിൽ നടത്തിയ മനുഷ്യമഹാശൃംഖലയിൽ ആയിരങ്ങൾ അണിനിരന്നു. തങ്ങളെ വിഭജിക്കാനാവില്ലെന്ന മുദ്രാവാക്യമുയർത്തി മുക്കാൽ ലക്ഷത്തോളം പേർ ശൃംഖലയിൽ കണ്ണികളായി. മാനന്തവാടി ഗാന്ധിപാർക്കിലെ ഗാന്ധിപ്രതിമക്കരികിൽ മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും കല്പറ്റ പുതിയ ബസ് സ്‌റ്റാൻഡിൽ സി.കെ. ശശീന്ദ്രൻ എം.എൽ.എ. അവസാന കണ്ണിയുമായി. സ്ത്രീകളുടെയും ന്യൂനപക്ഷവിഭാഗങ്ങളുടെയും വലിയ പങ്കാളിത്തം ശ്രദ്ധേയമായി.

മുസ്‍ലിംലീഗ്‌, കോൺഗ്രസ്‌ പ്രവർത്തകരടക്കം കണ്ണിചേർന്നതായി എൽ.ഡി.എഫ്. നേതാക്കൾ അവകാശപ്പെട്ടു. സ്ത്രീകൾ കൂട്ടത്തോടെയെത്തി. കർഷകർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ, വ്യാപാരികൾ എന്നിവരെല്ലാം കൈകോർത്തു. മതസാമുദായിക നേതാക്കളും പങ്കാളികളായി.

വിവിധ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾക്ക് എൽ.ഡി.എഫ്‌. നേതാക്കൾ നേതൃത്വംനൽകി. മാനന്തവാടിയിൽ കെ.കെ. ശൈലജക്കൊപ്പം സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിൻ, എൽ.ഡി.എഫ്‌. ജില്ലാ കൺവീനർ കെ.വി. മോഹനൻ എന്നിവർ കണ്ണികളായി. കെ.എം. വർക്കി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുതിർന്ന സി.പി.എം. നേതാവ്‌ പി.എ. മുഹമ്മദ്‌ കല്പറ്റയിൽ കൈകോർത്തു.

വിഭജനനിയമം പിൻവലിക്കുംവരെ പൊരുതണം: മന്ത്രി

മാനന്തവാടി: രാജ്യത്തിന്റെയും ഭരണഘടനയുടെയും സംരക്ഷണത്തിനായി നാളെകളിലും ചങ്ങലകൾ തീർക്കേണ്ടിവരുമെന്ന്‌ മന്ത്രി കെ.കെ. ശൈലജ. രാജ്യത്തെ മുച്ചൂടും നശിപ്പിക്കാനുള്ള നടപടിയാണ്‌ കേന്ദ്രസർക്കാരിന്റെതും ആർ.എസ്‌.എസിന്റെതും. ഇന്ത്യൻ ഭരണഘടന ഹിന്ദുവിനുവേണ്ടിയുള്ളതല്ല, ഇന്ത്യക്കാരുടടെതാണ്‌. ഭരണഘടനയാണ്‌ ഇന്ത്യക്കാരുടെ വേദപുസ്തകം. അത്‌ ശിഥിലമാക്കാൻ അനുവദിച്ചുകൂട. അൽപ്പമെങ്കിലും മനുഷ്യസ്നേഹവും രാജ്യസ്നേഹവും ഉള്ളവർക്ക്‌ നരേന്ദ്രമോദിയെയും അമിത്‌ ഷായെയും അംഗീകരിക്കാനാവില്ല. സാധരാണക്കാരായ ബി.ജെ.പി. പ്രവർത്തകരെ ഇവർ വഞ്ചിക്കുകയാണ്‌. ബി.ജെ.പി. അധികാരത്തിൽ എത്തുമ്പോൾ നാം ഭയപ്പെട്ടത്‌ സംഭവിക്കുകയാണ്‌. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ത്യാഗോജ്വലമായ പോരാട്ടങ്ങൾ നടത്തിയ മുസ്‍ലിംസമുദയാത്തിന്‌ പൗരത്വംനൽകില്ലെന്ന്‌ പറയാൻ സ്വാതന്ത്ര്യസമരത്തിൽ ഒരു പങ്കും വഹിക്കാത്ത ആർ.എസ്‌.എസിന്‌ എന്ത്‌ അവകാശമാണുള്ളത്‌. ഒരൊറ്റ മുസ്‍ലിമിനെയും കേരളത്തിൽനിന്ന്‌ പുറത്താക്കാനാവില്ല. ഇടതുപക്ഷവിശ്വാസികൾ ജീവനുള്ളേടത്തോളംകാലം പോരാടും. മുസ്‍‍ലിം സഹോദരങ്ങളോട്‌ ഒന്നേ പറയാനുള്ളു, നിങ്ങൾ തനിച്ചല്ല ഞങ്ങൾ ഒപ്പമുണ്ട്‌. പൗരത്വനിയമഭേദഗതി പിൻവലിക്കുംവരെ ഒന്നിച്ച്‌ പൊരുതണമെന്നും കെ.കെ. ശൈലജ പറഞ്ഞു.

കൈകോർത്ത്‌ സിസ്റ്റർ ലൂസിയും വധൂവരന്മാരും

മനുഷ്യമഹാശൃംഖലയിൽ പങ്കാളിയാവാൻ സിസ്റ്റർ ലൂസി കളപ്പുരയെത്തിയപ്പോൾ പിന്തുണയുമായി വിവഹപ്പന്തലിൽനിന്ന്‌ വധൂവരന്മാരും റോഡിൽ കൈകോർത്തു.‌ അഞ്ചുകുന്നിലാണ്‌ സിസ്റ്റർ ലൂസി കണ്ണിയായത്. ഭരണഘടന സംരക്ഷണപ്രതിജ്ഞയ്ക്കുശേഷം അഞ്ചുകുന്നിൽ പൊതുയോഗത്തിൽ സിസ്റ്റർ ലൂസി സംസാരിച്ചു. രാജ്യത്തിന്റെ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാനുള്ള പേരാട്ടത്തിന്‌ പിന്തുണനൽകുന്നതായി അവർ പറഞ്ഞു. കല്പറ്റയിലും മാനന്തവാടിയിലും നവദമ്പതികൾ കൈകോർത്തു.