കല്പറ്റ: രാജ്യത്തിന്റെ റിപ്പബ്ലിക് ദിനം ജില്ലയിലും വർണാഭമായി ആഘോഷിച്ചു. കല്പറ്റ എസ്.കെ.എം.ജെ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. രാജ്യത്തിന്റെ മതേതരസ്വഭാവം കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി രംഗത്തിറണമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളും കാഴ്ചപ്പാടുകളും അതേ അർഥത്തിൽ ഉൾക്കൊള്ളാൻ എല്ലാവർക്കുമാവണം. വർത്തമാനകാലത്ത് രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളെ സംരക്ഷിക്കാൻ മറ്റെല്ലാം വിസ്മരിച്ച് രംഗത്തിറങ്ങമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എം.എൽ.എ.മാരായ സി.കെ. ശശീന്ദ്രൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. നസീമ, കളക്ടർ ഡോ. അദീല അബ്ദുള്ള, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ, എ.ഡി.എം. തങ്കച്ചൻ ആന്റണി, വിവിധ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

34 പ്ലാറ്റൂണുകൾ

പോലീസ്, എക്സൈസ്, ഫോറസ്റ്റ്, എൻ.സി.സി, എസ്.പി.സി, സ്കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നിവയുടെ 34 പ്ലാറ്റൂണുകൾ മാർച്ച് പാസ്റ്റിൽ അണിനിരന്നു. എ.എസ്.പി. (ട്രെയ്‌നി) പദം സിങ് പരേഡ് കമാൻഡറും ഡി.എച്ച്.ക്യു. സബ് ഇൻസ്പെക്ടർ എം.കെ. ശ്രീധരൻ അസി. പരേഡ് കമാൻഡറുമായിരുന്നു. ചടങ്ങിൽ കല്പറ്റ എസ്.കെ.എം.ജെ. ഹൈസ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച അലാമി കളി അരങ്ങേറി. മികച്ച പരേഡ് കാഴ്ചവെച്ച ടീമുകൾക്ക് പ്രത്യേകം പുരസ്കാരം ഏർപ്പെടുത്തിയിരുന്നു. ടീമുകൾക്കുള്ള സമ്മാനം മന്ത്രി വിതരണം ചെയ്തു. ജില്ലയിലെ മികച്ച ഉച്ചക്കഞ്ഞി വിതരണം ചെയ്യുന്ന സ്കൂളിനുള്ള മിനിസ്റ്റേഴ്‌സ് ട്രോഫിക്ക് അർഹരായ പാൽവെളിച്ചം ജി.എൽ.പി. സ്കൂളിനും മന്ത്രി ഉപഹാരം നൽകി.