കല്പറ്റ: നഗരത്തിൽ ഓട്ടോ പെർമിറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽ റിട്ട് സമർപ്പിക്കാൻ കൗൺസിൽ തീരുമാനം. നഗരത്തിലെ ഓട്ടോതൊഴിലാളികളും മോട്ടോർവാഹനവകുപ്പും തമ്മിലുള്ള കേസിൽ പെർമിറ്റ് അനുവദിച്ചുകൊണ്ട് ഉത്തരവായിരുന്നു. പെർമിറ്റ് അനുവദിച്ചവർക്ക് സ്റ്റിക്കർ നൽകണമെന്നായിരുന്നു നഗരസഭയോട് കോടതിയുടെ നിർദേശം. ഇതേത്തുടർന്നാണ് തങ്ങളുടെ വാദങ്ങൾകൂടി പരിഗണിക്കണമെന്നാവശ്യപ്പെട്ട് റിട്ട് നൽകാൻ തീരുമാനിച്ചത്. ട്രേഡ് യൂണിയൻ നേതാക്കന്മാർകൂടിയായ കെ.ടി. ബാബു, പി.പി. ആലി എന്നിവരെ ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് കൗൺസിൽ ചുമതലപ്പെടുത്തി.
ടൗൺനവീകരണം നടക്കുന്നതിനാൽ ഓട്ടോകൾ നിർത്തിയിടാൻ സ്ഥലമില്ലെന്നും നവീകരണപ്രവൃത്തികൾ പൂർത്തിയാക്കി 2021-നുശേഷം കൂടുതൽ പെർമിറ്റുകൾ അനുവദിക്കാമെന്നുമാണ് നഗരസഭയുടെ നിലപാട്. കളക്ടർ, മോട്ടോർ വാഹനവകുപ്പ് എന്നിവരെ ഇതിനകം നിലപാടറിയിച്ചതുമാണെന്ന് ചെയർപേഴ്‌സൺ സനിതാ ജഗദീഷ് പറഞ്ഞു. എന്നാൽ, കേസിൽ നഗരസഭ കക്ഷിചേർന്നോയെന്ന് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കെ.ടി. ബാബുവാണ് വിഷയമുന്നയിച്ചത്. കേസിൽ കക്ഷിചേരാൻ കൗൺസിൽ തീരുമാനമെടുത്തിട്ടും കക്ഷിയല്ലെന്ന് ഓട്ടോതൊഴിലാളികൾക്കിടയിൽ പ്രചാരണമുണ്ടെന്ന് പി.പി. ആലിയും പറഞ്ഞു. ഇതേത്തുടർന്ന് ഫയലെടുത്ത് കേസിൽ നഗരസഭ കക്ഷിചേർന്നതിന്റെ രേഖകൾ ഹാജരാക്കി. അഭിഭാഷകൻകൂടിയായ ടി.ജെ. ഐസക് കോടതി ഉത്തരവിന്റെ പകർപ്പ് വായിച്ച് യോഗത്തിൽ വിശദീകരിച്ചു. വരുന്ന 23-ന് നടക്കുന്ന ആർ.ടി.എ. യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സണും പ്രതിനിധികളും പങ്കെടുക്കാനും തീരുമാനിച്ചു. നിലവിലെ ഉത്തരവിൽ സ്റ്റേ ലഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കും.
ജനുവരി 15 മുതൽ പ്ലാസ്റ്റിക് നിരോധനം നടപ്പിൽവരുന്നതിനാൽ ബോധവത്കരണം നടത്തും. വ്യാപാരികൾക്കായി പ്രത്യേകയോഗം വിളിച്ച് ബോധവത്കരിക്കും.
30 കുട്ടികൾക്ക് പോഷകക്കുറവ്
നഗരസഭാപരിധിയിലെ അഞ്ചുവയസ്സിനുതാഴെയുള്ള 30 കുട്ടികൾക്ക് പോഷകക്കുറവുണ്ടെന്ന് കണ്ടെത്തി. ഇതിൽ നാലുകുട്ടികളുടെ നില ഗുരുതരമാണ്. കുട്ടികൾക്ക് വളർച്ചാമുരടിപ്പുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അങ്കണവാടികളിലോ സ്കൂളുകളിലെ പോകാത്ത കുട്ടികളാണിവർ. കുട്ടികളുടെ വിശദാംശങ്ങൾ കല്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടിന് നൽകിയിട്ടുണ്ട്. ഗുരുതരമായ പോഷകാഹാരക്കുറവുണ്ടെന്ന് കണ്ടെത്തിയ നാലുകുട്ടികളുടെ വീടുകളിൽ ചെയർപേഴ്‌സൺ സന്ദർശിക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും നഗരസഭായോഗം തീരുമാനിച്ചു.
പ്രളയപുനരധിവാസത്തിനായി 66.59 ലക്ഷംകൂടി
പ്രളയപുനരധിവാസപ്രവർത്തനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികവിഹിതം അനുവദിച്ചതിൽ കല്പറ്റ നഗരസഭയ്ക്ക് 66.59 ലക്ഷം രൂപ ലഭിച്ചു. തുക പ്രളയബാധിതർക്ക് ജീവനോപാധികൾ ലഭ്യമാക്കുന്നതിന് ഉപയോഗിക്കാനാണ് നിർദേശം. കുടുംബശ്രീയുടെകൂടി സഹകരണത്തോടെയായിരിക്കും പദ്ധതിനടപ്പാക്കുക. ഇതിനായി പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ടവരുടെ കണക്കെടുത്ത് അർഹമായ നഷ്ടപരിഹാരം നൽകുന്നതിന് നഗരസഭ തീരുമാനിച്ചു.
യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ സനിതാ ജഗദീഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഡി. രാജൻ, കൗൺസിലർമാരായ വി. ഹാരിസ്, എ.പി. ഹമീദ്, ടി. മണി, വി.പി. ശോശാമ്മ, വി.എം. റഷീദ്, ഉമൈബ മൊയ്തീൻകുട്ടി, വി. ശ്രീജ, ജൽത്രൂദ് ചാക്കോ, നഗരസഭാ സെക്രട്ടറി പി.ടി. ദേവദാസ് തുടങ്ങിയവർ സംസാരിച്ചു.