കല്പറ്റ: വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്ത സ്ഥാപനങ്ങൾക്കുനേരെ അവശ്യസാധന നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭക്ഷ്യോപദേശക സമിതി. എല്ലാ പലചരക്ക് കടകളും ഹോട്ടലുകളും പച്ചക്കറിക്കടകളും വിലവിവരപ്പട്ടിക പ്രസിദ്ധീകരിക്കണം. എ.ഡി.എം. കെ. അജീഷിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഗുണമേന്മയുള്ള ഭക്ഷ്യധാന്യങ്ങൾ മാത്രമെ റേഷൻകടകൾ വിതരണം ചെയ്യുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിന് സപ്ലൈകോ ഡിപ്പോ മാനേജർമാർക്ക് നിർദേശം നൽകാനും തീരുമാനിച്ചു. ഗോഡൗണുകളിൽനിന്ന് മോശമായ ഭക്ഷ്യധാന്യം ലഭിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എഫ്.സി.ഐ.യിൽനിന്ന് മോശമായ ഭക്ഷ്യധാന്യം ലഭിച്ചാൽ മാറ്റി നൽകുന്നതിന് എഫ്.സി.ഐ.യ്ക്ക് നിർദേശം നൽകാൻ സിവിൽ സപ്ലൈസ് ഡയറക്ടർക്ക് ശുപാർശ നൽകാനും തീരുമാനിച്ചു. റേഷൻ വ്യാപാരികൾക്ക് കമ്മിഷൻ ലഭിക്കുന്നതിന് താമസം നേരിടുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദേശം നൽകി.