കല്പറ്റ: വയനാട്ടിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുതിർന്നവർക്കൊപ്പം തന്നെ ഇടപെട്ട് സ്കൂൾ വിദ്യാർഥികളായ വൊളന്റിയർമാരും മാതൃകയാവുന്നു. എസ്.പി.സി., എൻ.എസ്.എസ്., എൻ.സി.സി. വൊളന്റിയർമാരാണ് ജില്ലയിലെ വിവിധ ക്യാമ്പുകളിൽ സജീവമായി രംഗത്തുള്ളത്.
പ്രളയദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചതുമുതൽ വയനാട്ടിലെ 52 യൂണിറ്റുകളിൽ നിന്നുള്ള 5200 എൻ.എസ്.എസ്. വൊളന്റിയർമാർ കൃത്യതയോടെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഇടപെട്ടുകൊണ്ടിരിക്കുന്നു. വിവിധ യൂണിറ്റുകളുടെ സഹായത്തോടെ ഇതിനകം രണ്ടുലക്ഷം രൂപയുടെ അവശ്യ സാധനങ്ങൾ വിവിധ കളക്ഷൻ സെന്ററുകളിൽ എൻ.എസ്.എസ്. എത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഹയർസെക്കൻഡറി എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ഇപ്പോഴും അവശ്യസാധനങ്ങൾ എത്തിക്കുന്നുണ്ട്.
വെള്ളംകയറിയ നാല്പതോളം വീടുകൾ ഇതിനകം എൻ.എസ്.എസ്. വൊളന്റിയർമാർ ശുചീകരിച്ച് ക്ലോറിനേഷൻ നടത്തി. ദേശീയ ആരോഗ്യദൗത്യവുമായി സഹകരിച്ച് ക്യാമ്പുകളിൽ ആരോഗ്യ സർവേയും നടത്തുന്നുണ്ട്.
എസ്.പി.സി., എൻ.എസ്.എസ്. കാഡറ്റുകളും ക്യാമ്പുകളിൽ സജീവമായി രംഗത്തുണ്ട്. പുതുതായി രൂപവത്കരിച്ച വയനാട് അഞ്ചാം ബറ്റാലിയനിലെ എൻ.സി.സി. കാഡറ്റുകൾ സഹായഹസ്തവുമായി കുപ്പാടി, അമ്പലവയൽ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലുമെത്തി. പോലീസിന്റെ നേതൃത്വത്തിൽ ക്യാമ്പുകളിൽ എസ്.പി.സി. വിദ്യാർഥികളും സജീമായി പ്രവർത്തിക്കുന്നു. ക്യാമ്പുകളിലെ അന്തേവാസികൾക്ക് സഹായങ്ങൾ നൽകിയും ക്യാമ്പുകളിലേക്ക് പുറത്തുനിന്നുള്ളവരെ വിലക്കിയും എസ്.പി.സി. വിദ്യാർഥികൾ മേപ്പാടിയിലെ ക്യാമ്പുകളിൽ ഉൾപ്പെടെ കൈമെയ് മറന്നുണ്ട്.