കല്പറ്റ: മൊബൈലുകൾക്ക് റെയ്ഞ്ചില്ല, വൈദ്യുതിയില്ല, കൈയിൽ പണമില്ല... എല്ലാ ബന്ധങ്ങളും നഷ്ടപ്പെട്ട് ജനം പരിഭ്രാന്തിയിലായി. ശനിയാഴ്ച ഉച്ചയോടെയാണ് നെറ്റ് വർക്കില്ലാത്തതിനാൽ മൊബൈൽ ഫോണുകൾ പ്രവർത്തനം നിലച്ചത്. പേര്യ ചുരത്തിലെ സ്വകാര്യ ടെലികോം കമ്പനിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ പൊട്ടിയതോടെ അവയുടെ സേവനം നിലച്ചു.
ബി.എസ്.എൻ.എല്ലിന്റെ നെറ്റ് വർക്ക് മാത്രമാണ് ലഭിക്കുന്നത്. ദിവസങ്ങളോളും വൈദ്യുതിബന്ധമില്ലാത്തതിനാൽ പല മൊബൈൽ ടവറുകളുടെയും പ്രവർത്തനം നിലച്ചു. പ്രളയദുരന്തത്തിനിടെ വിവരങ്ങൾ കൈമാറാനാകാതെ ആളുകൾ ആശങ്കയിലാണ്. എ.ടി.എമ്മുകളിൽ പണമില്ലാത്തതും ജനങ്ങളെ വലച്ചു. രണ്ടാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾ പ്രവർത്തിച്ചില്ല. ഞായറാഴ്ചയും ബാങ്കുകൾക്ക് അവധിയായതിനാൽ പണത്തിനായി ജനം നെട്ടോട്ടമോടുകയാണ്. കഴിഞ്ഞദിവസം മുതൽ ജില്ലയിലെ മിക്ക എ.ടി.എമ്മുകളും കാലിയായിരുന്നു. ഈ പ്രശ്നം പരിഹരിക്കാൻ ബാങ്കധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നുമില്ല.
പ്രളയക്കെടുതിക്കിടെ അത്യാവശ്യത്തിനുള്ള പണംപോലും കൈയിലില്ലാതെ ജനങ്ങൾ നട്ടംതിരിയുകയാണ്. കഴിഞ്ഞ അഞ്ച് ദിവസമായി വൈദ്യുതിയില്ലാത്ത പ്രദേശങ്ങളും ജില്ലയിലുണ്ട്. കനത്തമഴയിൽ വൈദ്യുത പോസ്റ്റുകൾ തകർന്നും മരംവീണും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ് മിക്കയിടങ്ങളിലും. തകരാറുകൾ പരിഹരിച്ച് വൈദ്യുതിവിതരണം പൂർവസ്ഥിതിയിലെത്തിക്കാൻ ഇനിയും ദിവസങ്ങളെടുക്കും.