കല്പറ്റ: വയനാട്ടിലെ ക്യാമ്പുകളിൽ ഭക്ഷണം അടക്കം ആവശ്യസാധനങ്ങളുടെ അപര്യാപ്തതയുണ്ടെന്നും സഹായമെത്തിക്കണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇപ്പോഴും മൂന്ന് മേഖലകളിലായി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. ഇവർ എത്രയും വേഗം ക്യാമ്പിലേക്ക് മാറണം. ഇപ്പോഴത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ആളുകളെ രക്ഷിക്കുന്നതിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉരുൾപൊട്ടലുണ്ടായ മേപ്പാടി പുത്തുമല സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം രാവിലെ പത്തരയോടെയാണ് രമേശ് ചെന്നിത്തല മേപ്പാടിയിലെത്തിയത്. മുണ്ടക്കൈയിലെ മദ്രസയിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച് ദുരിതബാധിതരുമായി ചർച്ച നടത്തി.

പുത്തുമലയ്ക്ക് സമീപത്തുള്ള ഫോറസ്റ്റ് ഐ.ബി.യിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് കാര്യങ്ങൾ വിലയിരുത്തി. ഭക്ഷണസാധനങ്ങളുടെ അപര്യാപ്തതയാണ് ക്യാമ്പുകളിലെ പ്രധാനവിഷയം. ഇതിന്റെ അടിസ്ഥാനത്തിൽ പാകം ചെയ്യാനുള്ള ബുദ്ധിമുട്ടുകളടക്കം കണക്കിലെടുത്ത് പാക്ക് ചെയ്ത ഭക്ഷണമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി. മുണ്ടക്കൈ, പുത്തുമല, ചൂരൽമല തുടങ്ങിയ പ്രദേശങ്ങളിൽ ആളുകൾ വീടൊഴിഞ്ഞുപോയതോടെ മോഷണം നടക്കുന്നതായി പരാതികളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ പ്രദേശങ്ങളിൽ പോലീസ് നൈറ്റ് പട്രോളിങ് നടത്തും. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കോഴിക്കോട്ടുനിന്ന്‌ വലിയ മണ്ണുമാന്തിയന്ത്രങ്ങളെത്തിക്കും. വൈദ്യുതിബന്ധം താറുമാറായതിനാൽ പ്രദേശത്തേക്ക് കൂടുതൽ മെഴുകുതിരികൾ എത്തിക്കാനും കാണാതായവരെ കണ്ടെത്തുന്നതിനായി അവർ തങ്ങാൻ സാധ്യതയുള്ള പ്രദേശങ്ങളുടെ മാപ്പ് തയ്യാറാക്കി തിരച്ചിൽ ഊർജിതമാക്കാനും തീരുമാനമായതായി യോഗത്തെ അറിയിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ, സി.കെ. ശശീന്ദ്രൻ, സബ്കളക്ടർ എസ്.എൻ.കെ. ഉമേഷ്, വൈത്തിരി തഹസിൽദാർ ഹാരിസ് തെന്നാനി, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, മേപ്പാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സഹദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.