കല്പറ്റ: ടൗണിലെ ഹോട്ടലുകളിൽ വില ഏകീകരണം കൊണ്ടുവരുന്നതിനായി തിങ്കളാഴ്ച നഗരസഭ വിളിച്ചു ചേർത്ത ഹോട്ടലുടമകളുടെ യോഗം തീരുമാനമാവാതെ പിരിഞ്ഞു. കല്പറ്റയിലെ ഹോട്ടലുകളിൽ ഊണിനും ചായയ്ക്കും കടിക്കുമെല്ലാം തോന്നിയ വിലയാണെന്ന ജനങ്ങളുടെ പരാതിയെ തുടർന്നാണ് യോഗം വിളിച്ചത്. സാധാരണ ഊണിന് 40 രൂപയും ചായയ്ക്കും കടിക്കും എട്ടുരൂപ വീതവുമാക്കണമെന്നാണ് നഗരസഭ ആവശ്യപ്പെട്ടത്.

എന്നാൽ, അധികവിഭവങ്ങളുള്ള സ്പെഷ്യൽ ഊണിന് കൂടുതൽ വില ഇടാക്കിയാൽ പ്രശ്നമില്ലെന്നും വ്യക്തമാക്കി. ടൗണിലെത്തുന്ന സാധാരണക്കാരന് സ്പെഷ്യൽ ഒന്നുമില്ലാതെ മിതമായ വിലയ്ക്ക് ഊണുകഴിക്കാൻ അവസരമൊരുക്കുകയാണ് നഗരസഭയുടെ ലക്ഷ്യം. 30 രൂപ മുതൽ 150 രൂപവരെ ഊണിന് ഈടാക്കുന്ന സാഹചര്യമുണ്ടെന്നും ഇതിനെക്കുറിച്ച് നഗരസഭാ അധികൃതർക്ക് നിരന്തരം പരാതി ലഭിക്കുന്നുണ്ടെന്നും കൗൺസിലർ വി. ഹാരിസ് പറഞ്ഞു.

എന്നാൽ, നിത്യോപയോഗസാധനങ്ങൾക്ക് അനുദിനം വില വർധിക്കുന്ന സാഹചര്യത്തിൽ വില ഏകീകരണം സാധ്യമാവില്ലെന്ന് ഹോട്ടൽ ആൻഡ് െറസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സാജൻ ഒറ്റാനിക്കൽ പറഞ്ഞു. പല ഹോട്ടലുകളും പലതരത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. അളവിലും ഗുണമേന്മയിലും ഉപഭോക്താക്കൾക്ക് നൽകുന്ന സൗകര്യങ്ങളിലുമെല്ലാം വ്യത്യാസമുണ്ട്. ഇതനുസരിച്ച് വിലയിലും വ്യത്യാസം ഉണ്ടാവുമെന്നും ഹോട്ടലുടമകൾ പറഞ്ഞു. രണ്ടരമണിക്കൂർ നീണ്ട ചർച്ചയിലും തീരുമാനമായില്ല. ഊണിന് 50 രൂപയും ചായയ്ക്കും കടിക്കും ഒമ്പത് രൂപയും ആക്കണമെന്ന ആവശ്യം ഹോട്ടൽ ആൻഡ് െറസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികളുമായി ആലോചിച്ച് നഗരസഭയെ അറിയിക്കാമെന്ന് ഹോട്ടലുടമകൾ പറഞ്ഞു.

ഒരു ചായയ്ക്ക് പിന്നിൽ നാലുപേരുടെ അധ്വാനം

ചായയും ചെറുകടിയും എട്ടുരൂപയ്ക്ക് നൽകാൻ പ്രയാസമുണ്ടെന്നും ഹോട്ടലുടമകൾ പറഞ്ഞു. ഒരു ചായയ്ക്ക് പിന്നിൽ നാലുപേരുടെ അധ്വാനമുണ്ടെന്നാണ് ഹോട്ടലുടമകളുടെ വാദം. ഒരു ചായ ഉപഭോക്താവിന്റെ മുന്നിലെത്താൻ സപ്ലൈയർ, ചായയുണ്ടാക്കുന്ന ആൾ, വൃത്തിയാക്കുന്നയാൾ, ഓർഡർ എടുക്കുന്ന ആൾ തുടങ്ങിയവരെല്ലാം വേണം. ചെറിയ കടകളിലേക്ക് വീടുകളിൽ തയ്യാറാക്കിയ കടികളാണ് കൊണ്ടുവരുന്നത്. ഇതിന് താരതമ്യേന ചെലവ് കുറവായിരിക്കും.

ചിത്രീകരണവും പ്രദർശവും വേണ്ട

ഹോട്ടലുകളിലെ അടുക്കള ദൃശ്യങ്ങൾ ചിത്രീകരിക്കുകയും പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്ന പദ്ധതി നേരത്തേ നഗരസഭ ആസൂത്രണം ചെയ്തിരുന്നു. എങ്കിലും ഇത് നടപ്പായിരുന്നില്ല. പദ്ധതി വീണ്ടും നടപ്പാക്കാനുള്ള നഗരസഭയുടെ നീക്കത്തെ ഹോട്ടലുടമകൾ എതിർത്തു. ഇങ്ങനെ പ്രദർശിപ്പിക്കുന്നത് ഹോട്ടലുടമയെ മാത്രമല്ല കുടുംബാംഗങ്ങളെ വരെ മാനസികമായി തകർക്കുമെന്നും ഹോട്ടലുടമകൾ പറഞ്ഞു. വൃത്തിയില്ലായ്മയും പഴകിയ ഭക്ഷണം പിടിച്ചാലുമൊക്കെ കർശനനടപടി സ്വീകരിക്കുമെന്ന തീരുമാനത്തെ ഹോട്ടലുടമകൾ സ്വാഗതം ചെയ്തു. ഫ്രീസറിൽ പച്ചക്കറിയും പാലും ചിക്കനും ബീഫും ഒന്നിച്ച് സൂക്ഷിക്കുന്ന പ്രവണതയും ഇറച്ചിക്കറികളിൽ കളർചേർക്കുന്നതും അവസാനിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കല്പറ്റ സർക്കിൾ ഓഫീസർ എം.കെ. രേഷ്മ പറഞ്ഞു. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കണം, ലൈസൻസ് എടുക്കണം, കുടിവെള്ളം പരിശോധിക്കണം, മാലിന്യം ഓവുചാലുകളിലേക്ക് ഒഴുക്കാൻ പാടില്ല തുടങ്ങിയവയും നരഗസഭാധികൃതർ ആവശ്യപ്പെട്ടു.

മറുനാടൻ തൊഴിലാളികൾ വേണം പക്ഷേ...

ഹോട്ടലുകളിൽ ജോലിചെയ്യുന്ന മറുനാടൻ തൊഴിലാളികൾ ശുചിത്വം പാലിക്കുന്നില്ലെന്ന പരാതി വിവിധ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ കൗൺസിലർമാരും യോഗത്തിൽ ഉന്നയിച്ചു. 30 പേർ ഒന്നിച്ച് താമസിച്ച് മതിയായ വ്യക്തി ശുചിത്വം ഇല്ലാതെയാണ് ഭൂരിഭാഗം പേരും ജോലിക്കെത്തുന്നതെന്നാണ് പരാതി.

ഹെൽത്ത് കാർഡ് ഇല്ലാത്തവരെ ജോലിക്കെടുക്കില്ല എന്ന തീരുമാനത്തിൽ ഹോട്ടലുടമകൾ എത്തണമെന്ന് കല്പറ്റ ജനറൽ ആശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ യു.എൻ. സജിത്ത് കുമാർ പറഞ്ഞു. വർഷങ്ങൾക്കുശേഷം കോളറ ജില്ലയിൽ റിപ്പോർട്ട് ചെയ്തത് ഇവരിൽ നിന്നാണെന്നിരിക്കെ കൂടുതൽ ശ്രദ്ധവേണം. സ്ഥിരം തൊഴിലാളികൾ ഇല്ലാത്തതാണ് ഇതിന് ബുദ്ധിമുട്ടെന്ന് ഹോട്ടലുടമകൾ പറഞ്ഞു. ഹോട്ടലുകളിൽ നഗരസഭാ അധികൃതർ അനാവശ്യ പരിശോധന നടത്തി ദ്രോഹിക്കുകയാണെന്ന് ഹോട്ടലുടമ എം.പി. വിനോദ് പരാതിപ്പെട്ടു.

യോഗത്തിൽ നഗരസഭാധ്യക്ഷ സനിതാ ജഗദീഷ്, ഉപാധ്യക്ഷൻ ആർ. രാധാകൃഷ്ണൻ, സെക്രട്ടറി കെ.ജി. രവീന്ദ്രൻ, ഹെൽത്ത് ഇൻസ്പെക്ടർ വി. ബദറുദ്ദീൻ, ഹോട്ടലുടമകളായ അബ്ദുൾ റഹ്മാൻ പ്രാണിയത്ത്, കെ. അബ്ദുള്ള ഹാജി, സപ്ലൈകോ സീനിയർ സൂപ്രണ്ട് എ.വി. ചന്ദ്രൻ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥൻ നിസാർ മണിമ തുടങ്ങിയവരും സംസാരിച്ചു.