കല്പറ്റ: അപൂർവ ദേശാടനപ്പക്ഷിയായ യൂറോപ്യൻ പനങ്കാക്കയെ (യൂറോപ്യൻ റോളർ) വയനാട്ടിൽ കണ്ടെത്തി. ആദ്യമായാണ് യൂറോപ്യൻ പനങ്കാക്കയെ വയനാട്ടിൽ കാണുന്നത്. തൃശ്ശൂർ ഫോറസ്ട്രി കോളേജ് വിദ്യാർഥിയായ ശ്രീഹരി കെ. മോഹനാണ് തിരുനെല്ലിയിൽനിന്ന്‌ പക്ഷിയെ ക്യാമറയിലൊപ്പിയത്. രണ്ട് പക്ഷികളെയാണ് കണ്ടത്. ഒന്നിന്റെ കൊക്ക് മുറിഞ്ഞ നിലയിലായിരുന്നു. സാധാരണ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന പനങ്കൊക്കുകളെ വയനാട്ടിൽ കണ്ടത് അസാധാരണമാണെന്നാണ് പക്ഷിനിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

ഇന്ത്യയിൽ സാധാരണയായി കാട്ടുപനങ്കാക്കയേയും പനങ്കാക്കയേയുമാണ് കാണാറുള്ളത്. വളരെ കുറച്ചുതവണ മാത്രമാണ് യൂറോപ്യൻ പനങ്കാക്കയെ കണ്ടത്. കേരളത്തിൽ ഇതുവരെ 26 തവണ മാത്രമാണ് യൂറോപ്യൻ പനങ്കാക്കയെ കണ്ടെത്തിയതെന്ന് പക്ഷിനിരീക്ഷകർ പറയുന്നു. അഫ്ഗാനിസ്താൻ, കസാഖ്സ്ഥാൻ, ഉക്രൈൻ, പോളണ്ട്, സ്പെയിൻ, തുർക്കി തുടങ്ങിയിടങ്ങളിൽ പ്രജനനകാലം ചെലവഴിക്കുന്ന ഇവയെ സെപ്റ്റംബർ മുതൽ ജനുവരി വരെയുള്ള മാസങ്ങളിലാണ് കാണാറുള്ളത്.

തലയിലും പിൻകഴുത്തിലും അടിഭാഗത്തും മാറിടഭാഗത്തും ഇളംനീല നിറമാണ് യൂറോപ്യൻ പനങ്കാക്കയ്ക്ക്. മേൽ മുതുകിൽ ചെമ്പൻനിറമാണ്. കറുപ്പും ഇളംനീലയും ചേർന്ന ചിറകുകളാണ്. വാലിന്റെ രണ്ട് മൂലകളിലുമായി അല്പം കറുപ്പുനിറമുണ്ടാകും. മുമ്പ് സംരംക്ഷണം ആവശ്യമുള്ള ജീവിവർഗങ്ങളുടെ പട്ടികയിലായിരുന്നു ഈ പക്ഷിയും ഉണ്ടായിരുന്നത്. എന്നാൽ മധ്യേഷ്യയിലും മറ്റും ഇവയുടെ എണ്ണത്തിലുണ്ടായ വർധനയെ ത്തുടർന്ന് 2015 മുതൽ നിലനിൽപ്പ് ആശങ്കാജനകമല്ലാത്ത ജീവിവർഗങ്ങളുടെ വിഭാഗത്തിൽ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്.