കല്പറ്റ: മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് ദൗത്യത്തിലേക്ക് ജില്ലയിലെ വിദ്യാലയങ്ങളിൽനിന്ന് സഹായങ്ങളുടെ പ്രവാഹം. വെള്ളപ്പൊക്ക ദുരിതം അനുഭവിക്കുന്ന 10,000 വീടുകളിൽ സഹായം എത്തിക്കുന്നതാണ് മാതൃഭൂമി കുട്ടനാടിനൊരു കൈത്താങ്ങ് പദ്ധതി. കുന്നമ്പറ്റ കേപീസ് സ്കൂളിലെ മാതൃഭൂമി-വി.കെ.സി. നന്മ പ്രവർത്തകരാണ് ആദ്യം സഹായവുമായി എത്തിയത്. മാതൃഭൂമി-വി.കെ.സി. ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപകരും സ്കൂൾ മാനേജ്മെന്റും പി.ടി.എ.യും കൈകോർത്തപ്പോൾ എത്തിയത് നിരവധി അവശ്യസാധനങ്ങൾ. അരി, പഞ്ചസാര, വെളിച്ചെണ്ണ, ബിസ്കറ്റ്, നാപ്കിൻ, സോപ്പ് തുടങ്ങിയ നിരവധി അവശ്യസാധനങ്ങളുമായാണ് വിദ്യാർഥികൾ മാതൃഭൂമി ഓഫീസിൽ എത്തിയത്. സ്കൂൾ പ്രിൻസിപ്പൽ റസിയ അബ്ദുൾ ജലീൽ, അധ്യാപകരായ പി. റസീന, നിഷാ ബാനു, വിദ്യാർഥികളായ അഫ്ലഹ് ഷാദിൽ, ഹിബ സൈനബ് എന്നിവരിൽനിന്ന് സഹായം മാതൃഭൂമി പ്രതിനിധികൾ ഏറ്റുവാങ്ങി. അരപ്പറ്റ സി.എം.എസ്.എച്ച്.എസിലെ പൂർവ വിദ്യാർഥികളുടെ കൂട്ടായ്മയായ ‘ശലഭക്കൂട്ടവും’ ബിസ്കറ്റ്, ബ്രഷ്, ടൂത്ത്പേസ്റ്റ് തുടങ്ങിയ നിത്യോപയോഗ സാധനങ്ങൾ മാതൃഭൂമി ഓഫീസിൽ എത്തിച്ചു. ജാഫർ ഷെരീഫ്, വിധു ഗോപാൽ എന്നിവരിൽനിന്ന് സഹായം മാതൃഭൂമി പ്രതിനിധികൾ ഏറ്റുവാങ്ങി.