കല്പറ്റ: ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ ഹെൽമെറ്റ് വാങ്ങാൻ കടകളിൽ തിരക്കേറി. ഹെൽമെറ്റ് വെക്കാതെ ബൈക്ക് ഓടിച്ചവർപോലും ഹെൽമെറ്റിനായി കടയിലെത്തുമ്പോൾ കൂടിയ വില ഈടാക്കുന്നുവെന്നും ബില്ലു നൽകുന്നില്ലെന്നും പരാതിയുയരുന്നുണ്ട്. നിയമം വന്നതോടെ ആഴ്ചകൾക്ക് മുമ്പുവരെ കുറഞ്ഞവിലയിൽ ലഭിച്ചിരുന്ന ഹെൽമെറ്റുകളാണ് വിലകൂട്ടി കടകളിൽ വിൽക്കുന്നതെന്നാണ് പലയിടത്തും പരാതിയുയരുന്നത്. വാങ്ങുന്പോൾ ഹെൽമെറ്റ് ലഭിക്കുന്ന പെട്ടിയിൽ എം.ആർ.പി. രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും പെട്ടി നൽകാതെ കൂടിയ വില ഈടാക്കുന്നതായാണ് പരാതി.
നിലവാരമുള്ള ഹെൽമെറ്റുകൾക്ക് ആയിരം രൂപ മുതൽ 2,500 രൂപ വരെ നൽകണം. 12,000 രൂപവരെയുള്ള ഹെൽമെറ്റുകൾ വിപണിയിലുണ്ട്. എന്നാൽ പേരിന് ഹെൽമെറ്റ് വെക്കുന്നവരാണ് ഭൂരിഭാഗമെന്നും വില കൂടിയ ഹെൽമെറ്റുകൾ കടയിലിരുന്ന് പൊടിപിടിക്കുകയാണെന്നും കച്ചവടക്കാർ പറയുന്നു.
‘കുട്ടി’ ഹെൽമെറ്റിന് ആളുണ്ട്, കിട്ടാനില്ല
പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതോടെ കുട്ടികളുടെ ഹെൽമെറ്റിനും ആവശ്യക്കാരേറെയാണ്. എന്നാൽ കിട്ടാനില്ലാത്തതും കുട്ടി ഹെൽമെറ്റ് തന്നെ. നാളിതുവരെ ഒരാൾപ്പോലും വാങ്ങാനില്ലാതിരുന്ന കുട്ടികളുടെ ഹെൽമെറ്റാണ് ഒരാഴ്ചക്കുള്ളിൽ പലകടകളിലും വിറ്റുതീർന്നത്. കല്പറ്റയിലെ കടകളിൽ ഇപ്പോൾ കുട്ടികളുടെ ഹെൽമെറ്റ് ലഭ്യമല്ല. പല കടക്കാരും ഓർഡർ നൽകിയിട്ടുണ്ടെങ്കിലും എപ്പോൾ കിട്ടുമെന്ന് അറിയില്ല. കുട്ടികൾക്കായി പ്രത്യേകമായെത്തുന്ന ഹെൽമെറ്റിനാണ് ആളുകൾ കടകൾ കയറിയിറങ്ങുന്നത്. സാധനം ലഭിക്കാതായതോടെ പോലീസിനെ പേടിച്ച് കുട്ടികൾക്കും മുതിർന്നവരുടെ ഹെൽമെറ്റാണ് പലരും തലയിൽവെച്ചു കൊടുക്കുന്നത്. എന്നാൽ പിൻസീറ്റിലിരിക്കുന്ന കുരുന്നുകൾക്ക് ഇത് സുരക്ഷിതമല്ല.
വിലകുറഞ്ഞതേ വേണ്ടൂ
നിലവാരമുള്ള കമ്പനികളുടെ ഹെൽമെറ്റുകൾ ലഭ്യമാണെങ്കിലും വില കുറഞ്ഞതിനാണ് ആവശ്യക്കാർ. പോലീസ് പിടിക്കാതിരിക്കാൻ മാത്രമാണ് ഹെൽമെറ്റ് ആളുകൾ ഉപയോഗിക്കുന്നതെന്നും സുരക്ഷിതത്വം പ്രശ്നമല്ലെന്നും കല്പറ്റയിലെ ഹെൽമെറ്റ് കച്ചവടക്കാരനായ മുഹമ്മദ് അനീഷ് പറയുന്നു. പിൻസീറ്റിലും ഹെൽമെറ്റ് നിർബന്ധമാക്കിയതിനുശേഷം ദിവസവും ശരാശരി 20 പേർ കടയിലെത്തും. കൂടുതൽ പേർക്കും വേണ്ടത് മുൻഭാഗം തുറന്ന ഹെൽമെറ്റാണ്. ചട്ടി ഹെൽമെറ്റിനുവരെ ആവശ്യക്കാർ ഏറെയാണ്. പഴയ ഹെൽമെറ്റ് ‘മിനുക്കിയെടുക്കാൻ’ എത്തുന്നവരുമുണ്ടെന്നും അനീഷ് പറഞ്ഞു.
90 ശതമാനം ഹെൽമെറ്റുള്ളവർ
90 ശതമാനം പേരും ഇപ്പോൾ ഹെൽമെറ്റ് ധരിക്കുന്നുണ്ട്. ബത്തേരി, മാനന്തവാടി താലൂക്കുകളിൽ പരിശോധനകൾ നടത്തിയതിന്റെ ഫലമായി ഹെൽമെറ്റ് വെക്കാത്തവർ കുറവാണ്. വൈത്തിരിയിൽ സ്ഥിതി മാറേണ്ടതുണ്ട്. ഐ.എസ്.ഐ. മാർക്കുള്ള, സുരക്ഷിതമായ ഹെൽമെറ്റുകളാണ് ഉറപ്പാക്കേണ്ടത്.
-ബിജു ജെയിംസ്, എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ.