വെള്ളമുണ്ട: പള്ളിവകസ്ഥലത്തെ ഷെഡ് ഇടവകാംഗങ്ങൾ പൊളിച്ചുമാറ്റിയത് സംഘർഷത്തിനിടയാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് വെള്ളമുണ്ടയിൽ കടകളടച്ച് ഹർത്താലാചരിച്ചു.

വെള്ളമുണ്ട അങ്ങാടിയിലെ തേറ്റമല സെയ്ന്റ് സ്റ്റീഫൻ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനരികിൽ വാടകക്കാരൻ മറ്റൊരു ഷെഡ് അനധികൃതമായി നിർമിച്ചതാണ് തർക്കത്തിനിടയാക്കിയത്. മുമ്പ് ഇടവകയിലിരുന്ന വികാരിയച്ചന്റെ അനുമതിയോടെയാണ് ഷെഡ് നിർമിച്ചതെന്നാണ് വാടകക്കാരനായ വ്യാപാരി പറയുന്നത്. അനധികൃതനിർമിതി പൊളിച്ചുമാറ്റാൻ പലതവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്തോ പോലീസോ നടപടി എടുക്കാത്ത സാഹചര്യത്തിലാണ് സ്വന്തംനിലയിൽ പൊളിച്ചു മാറ്റാൻ തയ്യാറായതെന്ന് ഇടവകാംഗങ്ങൾ പറയുന്നു. സർക്കിൾ ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വൻ പോലീസ് സംഘം സ്ഥലത്തെത്തി സംഘർഷം നിയന്ത്രിച്ചു.

രാവിലെ പത്ത് മണിയോടെയാണ് ഇടവകാംഗങ്ങൾ അങ്ങാടിയിലെത്തിയത്. ഷെഡ് പൊളിക്കാൻ തുടങ്ങിയതോടെ വ്യാപാരികളും പ്രതിഷേധം തുടങ്ങി. ഗോഡൗൺ ആവശ്യത്തിനായി മുറിയെടുത്ത് ഈ കെട്ടിടത്തോട് ബന്ധിപ്പിക്കാനുള്ള തീരുമാനമാണ് വിവാദമായത്. തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ വ്യാപാരി നേതാക്കളും ഇടവക പ്രതിനിധികളുമായി മാനന്തവാടി ഡിവൈ.എസ്. പി.എം. ചന്ദ്രനുമായി നടത്തിയ ചർച്ചയിൽ എഗ്രിമെന്റ് വ്യവസ്ഥകൾ പരിശോധിച്ചു. ആവശ്യമായ മാറ്റങ്ങൾവരുത്തി വെള്ളിയാഴ്ചയ്ക്കുള്ളിൽ ധാരണയിലെത്താൻ തീരുമാനമായി. ഇതിനെതുടർന്ന് വ്യാപാരികൾ നടത്തിയ ഹർത്താൽ പിൻവലിച്ചു. വൻ പോലീസ് സംഘമാണ് സംഘർഷസാധ്യത കണക്കിലെടുത്ത് അങ്ങാടിയിൽ ക്യാമ്പ് ചെയ്തത്.