സുൽത്താൻബത്തേരി: ലോക്ഡൗണിനെത്തുടർന്ന് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങിയ ലേണേഴ്‌സ് ലൈസൻസ് കാലാവധി ഒക്ടോബർ 30-ന് അവസാനിക്കാനിരിക്കെ, ബത്തേരി ജോയന്റ് ആർ.ടി.ഒ. ഓഫീസ് പരിധിയിൽ ഡ്രൈവിങ് ടെസ്റ്റിനായി കാത്തിരിക്കുന്നത് രണ്ടായിരത്തിലേറെപേർ. എന്നാൽ ഡ്രൈവിങ് ടെസ്റ്റിനുള്ള ഓൺലൈൻ സ്ലോട്ട് ഒക്ടോബർ 30 വരെയും ബുക്കായിപ്പോയിട്ടുണ്ട്. ഇതോടെ ഡ്രൈവിങ് ടെസ്റ്റിന് അവസരം ലഭിക്കാത്ത, മുമ്പ് ലേണിങ് ടെസ്റ്റ് വിജയിച്ചവർ എന്തുചെയ്യുമെന്നുള്ള ആശങ്കയിലാണ്. ഒരുവർഷംമുതൽ ഒമ്പതുമാസം മുമ്പുവരെ അപേക്ഷ നൽകി, ലേണിങ് ടെസ്റ്റ് വിജയിച്ചവരാണ് ഇതിലധികവും. സർക്കാർ ലേണേഴ്‌സുകളുടെ കാലാവധി നീട്ടിനൽകിയില്ലെങ്കിൽ ഇവർ വീണ്ടും പണമടച്ച് ലേണിങ് ടെസ്റ്റിന് വിധേയരാവേണ്ടിവരും.

ഡ്രൈവിങ് ടെസ്റ്റിനുള്ള സ്ലോട്ട് ബുക്കിങ്ങിനായി അടുത്തിടെ ലേണിങ് ടെസ്റ്റ് വിജയിച്ചവരും ഒരുമിച്ച് അപേക്ഷിച്ചതാണ് മുമ്പ് ലേണിങ് ടെസ്റ്റ് കഴിഞ്ഞവർക്ക് വിനയായത്. ഓരോ ആർ.ടി.ഒ. ഓഫീസിനു കീഴിലുമുള്ള മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ എണ്ണത്തിന് ആനുപാതികമായാണ് അപേക്ഷകരുടെ സ്ലോട്ട് ബുക്കിങ് എണ്ണം നിശ്ചയിക്കുന്നത്. നിലവിൽ ബത്തേരിയിൽ ആകെയുള്ള ഒരു എം.വി.ഐ.യുടെ മേൽനോട്ടത്തിൽ ഒരുദിവസം 80 അപേക്ഷകരെയാണ് പരിഗണിക്കുന്നത്. ശനി, ഞായർ ഒഴിച്ചുള്ള ദിവസങ്ങളിലാണ് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ലോക്ഡൗണിനെ തുടർന്ന് മാസങ്ങളോളം ഡ്രൈവിങ് ടെസ്റ്റ് നടത്താൻ കഴിയാതിരുന്നതാണ് അപേക്ഷകർ വർധിക്കാൻ കാരണം. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം ഏപ്രിൽ മുതലാണ് ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയത്. പിന്നീട് പുനരാരംഭിച്ചെങ്കിലും വീണ്ടും നിർത്തേണ്ടിവന്നു. 2020 ഫെബ്രുവരിമുതലുള്ള ലേണേഴ്‌സുകൾക്ക് 2021 സെപ്റ്റംബർ 30 വരെ സർക്കാർ കാലാവധി നീട്ടിനൽകിയിരുന്നു. പിന്നീടിത് ഒക്ടോബർ 30 വരെയായി നീട്ടി നൽകി. കോവിഡ് മാനദണ്ഡങ്ങൾപ്രകാരം പരിമിതമായ ആളുകളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ടത്തിൽ ടെസ്റ്റ് നടത്തിയിരുന്നത്. പിന്നീട്, തിരക്ക് മുൻനിർത്തി ടെസ്റ്റുകളുടെ എണ്ണം 60-ൽനിന്നും 80 ആയി ഉയർത്തി.

കോവിഡിനുമുമ്പ് ബത്തേരിയിൽ രണ്ട് എം.വി.ഐ.മാരുടെ സാന്നിധ്യത്തിൽ ഒരുദിവസം 120 ടെസ്റ്റുകൾവരെ നടത്തിയിരുന്നു. ഓഫീസ് ചുമതലയുള്ള എം.വി.ഐ.ക്കൊപ്പം ചെക്‌പോസ്റ്റുകളുടെ ചുമതലയുള്ള എം.വി.ഐ.യും എത്തിയായിരുന്നു മുമ്പ് ഡ്രൈവിങ് ടെസ്റ്റുകൾ വേഗത്തിൽ പൂർത്തിയാക്കിയിരുന്നത്. എന്നാൽ ചെക്‌പോസ്റ്റ് ചുമതലയുള്ള എം.വി.ഐ.യെ അടുത്തിടെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയതോടെ ഒരു എം.വി.ഐ. ആണിപ്പോൾ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത്. ഇതോടെ നിലവിലുള്ള ഉദ്യോഗസ്ഥന്റെ ജോലിഭാരവും കൂടിയിട്ടുണ്ട്. ഡ്രൈവിങ് ടെസ്റ്റിന് പുറമേ മറ്റ് ഓഫീസ്, ഫീൽഡ് ജോലികളും എം.വി.ഐ.ക്കുണ്ട്. ബത്തേരി ജോയന്റ് ആർ.ടി.ഒ. ഓഫീസിൽ കൂടുതൽ എം.വി.ഐ.മാരെ നിയമിക്കണമെന്നാണ്‌ ആവശ്യം.