ഗൂഡല്ലൂർ: മഴക്കെടുതിയും കാർഷികവിളകളുടെ വിലത്തകർച്ചയും കാരണം ഗൂഡല്ലൂരിൽ ദീപാവലി വിപണി ഉണർന്നില്ല. മധുരപലഹാരങ്ങൾ, പടക്കം, വസ്ത്രം, വീട്ടുപകരണങ്ങൾ തുടങ്ങിയ സകലസാധനങ്ങൾക്കും വർഷത്തിൽ ഏറ്റവും കച്ചവടം ലഭിക്കുന്നത് ദീപാവലി വിപണിയിലായിരുന്നു. പച്ചത്തേയില, കാപ്പി, കുരുമുളക് തുടങ്ങിയ ഗൂഡല്ലൂരിലെ കർഷകരുടെ പ്രധാന കാർഷികവിളകൾക്കെല്ലാം വിലയിടിഞ്ഞത് ദീപാവലിക്കച്ചവടത്തെ സാരമായി ബാധിച്ചതായി കച്ചവടക്കാർ പറയുന്നു.

പച്ചത്തേയില കിലോയ്ക്ക് 11 രൂപയാണ് ഇപ്പോഴത്തെ വില. പറിച്ചെടുക്കാൻ ഏഴുരൂപയോളം കർഷകന് ചെലവുവരും. തോട്ടത്തിൽ കളപറിക്കുന്നതും മരുന്നടിക്കുന്നതുമായ ചെലവുകൾ കണക്കിലെടുക്കുമ്പോൾ തേയിലക്കൃഷി നഷ്ടമാണെന്ന് കർഷകർ പറയുന്നു. കാർഷികമേഖലയിലെ തകർച്ച കർഷകരെയും കർഷകത്തൊഴിലാളികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്.

ഭൂമിപ്രശ്നങ്ങൾകൊണ്ട് നിർമാണങ്ങൾക്ക് അനുമതികിട്ടാതെ നിർമാണമേഖല സ്തംഭിച്ചതും ദീപാവലി ആഘോഷങ്ങളെ താളംതെറ്റിച്ചു. നിർമാണമേഖലയിലും തൊഴിലില്ല. നിർമാണാവശ്യത്തിനുള്ള സാധനസാമഗ്രികളും വിറ്റുപോവുന്നില്ല. അയൽക്കാർക്കും സുഹൃത്തുകൾക്കുമായി കിലോക്കണക്കിന് മധുരപലഹാരങ്ങളാണ് മുൻവർഷങ്ങളിൽ ഓരോരുത്തരും വാങ്ങിയിരുന്നത്. എന്നാൽ, ഇത്തവണ ദീപാവലി മുന്നിൽക്കണ്ട് ഇറക്കിയ മധുരപലഹാരങ്ങൾ വിറ്റുപോവുന്നില്ലെന്ന് ബേക്കറിവ്യാപാരികൾ പറഞ്ഞു. പ്ലാസ്റ്റിക് നിരോധനം കാരണം പലഹാരങ്ങൾ പ്രത്യേകം പെട്ടികളിലാണ് പൊതിഞ്ഞുനൽകുന്നത്. അരക്കിലോയുടെ പെട്ടിക്ക് 10 രൂപയും മുക്കാൽകിലോയുടെ പെട്ടിക്ക് 18 രൂപയും ഒരുകിലോ പെട്ടിക്ക് 25 രൂപയോളവും വിലവരും. എന്നാൽ, ഇതിന് പ്രത്യേകം വിലയീടാക്കുന്നില്ലെന്നും കച്ചവടം കുറഞ്ഞ സാഹചര്യത്തിൽ പലഹാരങ്ങൾക്ക് വിലവർധിപ്പിക്കാനാവില്ലെന്നും ബേക്കറി ഉടമകൾ പറഞ്ഞു. പടക്കവ്യാപാരവും പ്രതിസന്ധിയിലാണ്. വനത്തോടുചേർന്ന ഭാഗങ്ങളിൽ പടക്കം ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്.

പടക്കത്തിന് വിലക്ക്

ട്രാൻസ്പോർട്ട് ബസുകളിലും സ്വകാര്യ ബസുകളിലും പടക്കംകൊണ്ടുപോകുന്നത് ശിക്ഷാർഹമാണെന്ന് ഗൂഡല്ലൂർ ആർ.ടി.ഒ. കെ. കതിരവൻ അറിയിച്ചു. പടക്കംകൊണ്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ബസ് കണ്ടക്ടറുടെ പേരിൽ നടപടിസ്വീകരിക്കും. മുതുമല വന്യജീവിസങ്കേതത്തോടുചേർന്ന പ്രദേശങ്ങളിൽ പടക്കംപൊട്ടിക്കുന്നതിന് വനംവകുപ്പ് നിയന്ത്രണമേർപ്പെടുത്തി. ഉഗ്രശബ്ദത്തോടുകൂടി പടക്കംപൊട്ടിക്കുന്നതിനാണ് വിലക്ക്. ശിങ്കാര, ആനക്കട്ടി, സിരിയൂർ, തെങ്ങുമരഹട തുടങ്ങിയ മേഖലകളിലാണ് നിയന്ത്രണം. വിലക്ക് മറികടന്ന് പടക്കംപൊട്ടിക്കുന്നവരുടെമേൽ നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു.