സുൽത്താൻബത്തേരി: ബത്തേരി മണ്ഡലത്തിലുണ്ടായ വോട്ടുചോർച്ചയ്ക്ക് പിന്നാലെ എൻ.ഡി.എ. ഘടകകക്ഷിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി.) ക്കുള്ളിൽ പൊട്ടിത്തെറി. എൻ.ഡി.എ. സ്ഥാനാർഥിയും ജെ.ആർ.പി. അധ്യക്ഷയുമായ സി.കെ. ജാനുവിനെ ലക്ഷ്യമിട്ട് പാർട്ടിക്കുള്ളിൽനിന്നുതന്നെ പടയൊരുക്കം ആരംഭിച്ചിട്ടുണ്ട്. ജാനുവിനെ പാർട്ടിയിൽനിന്ന് പുറത്താക്കുന്നതടക്കമുള്ള ശക്തമായ നടപടികൾ ഉണ്ടായേക്കുമെന്നാണ് ജെ.ആർ.പി.യുടെ സംസ്ഥാനനേതാക്കൾ നൽകുന്നവിവരം.

ബത്തേരിയിൽ വോട്ടുമറിക്കാൻ ചില ബി.ജെ.പി. നേതാക്കൾക്കൊപ്പം ജാനുവും കൂട്ടുനിന്നതായാണ് പാർട്ടിക്കുള്ളിലെ ഒരുവിഭാഗം ആരോപിക്കുന്നത്. 2016-ലെ തിരഞ്ഞെടുപ്പിൽ ജാനു എൻ.ഡി.എ. സ്ഥാനാർഥിയായി ബത്തേരിയിൽ മത്സരിച്ചപ്പോൾ 27,920 വോട്ടാണ് ലഭിച്ചത്.

ഇത്തവണ 15,198 വോട്ടുകളാണ് ലഭിച്ചത്. 12,722 വോട്ടിന്റെ കുറവുണ്ടായി. മണ്ഡലത്തിൽ ബി.ജെ.പി. വോട്ടുകൾക്കുപുറമേ തനിക്ക് സ്വന്തമായി 25,000-ത്തിലേറെ വോട്ടുകൾ ലഭിക്കുമെന്നായിരുന്നു ജാനു പറഞ്ഞിരുന്നത്. ഗോത്രമഹാസഭയുടേതുൾപ്പെടെ ആദിവാസി മേഖലയിൽനിന്നും വലിയതോതിൽ വോട്ടുകൾ നേടുമെന്നായിരുന്നു ജാനുവിന്റെ അവകാശവാദം. ബി.ജെ.പി. വോട്ടുകൾ മുഴുവൻ മാറ്റിനിർത്തിയാൽപോലും ജാനു അവകാശവാദമുന്നയിച്ചതിന്റെ പകുതിവോട്ടുപോലും ലഭിച്ചിട്ടില്ല.

ജെ.ആർ.പി.യുടെ സംസ്ഥാന നേതാക്കളുൾപ്പെടെ ആഴ്ചകളോളം ജാനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബത്തേരി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നു. എന്നാൽ തങ്ങളെ പലകാരണങ്ങൾ പറഞ്ഞ് ആദിവാസി മേഖലകളിൽ പ്രവർത്തിക്കാൻ ജാനു അനുവദിച്ചില്ലെന്നും ഇത് അവർ വോട്ടുമറിക്കാൻ ശ്രമിച്ചതിന്റെ തെളിവായി സംശയിക്കുന്നതായും സംസ്ഥാനസെക്രട്ടറി പ്രകാശൻ മോറാഴ പറഞ്ഞു.

ഉടൻതന്നെ സംസ്ഥാനകമ്മിറ്റി ചേർന്ന് ജാനുവിനെതിരേ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.