സുൽത്താൻബത്തേരി: സ്വന്തമായി പുതിയൊരു റേഡിയോ ലഭിച്ചപ്പോൾ ചിന്നമ്മയുടെമുഖം സന്തോഷംകൊണ്ടു വിടർന്നു. തന്റെ ഏകാന്തതയ്ക്ക് കൂട്ടായിരുന്ന പഴയ റേഡിയോ നശിച്ചുപോയതിന്റെ വിഷമത്തിലായിരുന്നു ചെതലയം വളാഞ്ചേരിക്കുന്നിൽ വടക്കേൽവീട്ടിൽ ചിന്നമ്മ. 15 വർഷംമുമ്പ് ഭർത്താവ് മരിച്ചതിനുശേഷം, വളാഞ്ചേരിക്കുന്നിൽ സ്വന്തമായുള്ള നാല് സെന്റ് സ്ഥലത്തെ ഒരു ഷെഡിൽ ചിന്നമ്മ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. 70 വയസ്സുകാരിയായ ചിന്നമ്മയ്ക്ക് ഏകാന്തതയിൽ കൂട്ടിനുണ്ടായിരുന്നത് വർഷങ്ങൾ പഴക്കമുണ്ടായിരുന്ന ഒരു റേഡിയോ ആയിരുന്നു. അത് നശിച്ചുപോയതിന്റെ വിഷമം കുടുംബശ്രീ പ്രവർത്തകരോട് പങ്കുവെച്ചതോടെയാണ്, കുടുംബശ്രീ സ്നേഹിത പ്രവർത്തകർ പുതിയ റേഡിയോ വാങ്ങിനൽകിയത്. നഗരസഭാ ചെയർമാൻ ടി.എൽ. സാബുവിന്റെ നേതൃത്വത്തിലെത്തിയാണ് ചിന്നമ്മയ്ക്ക് റേഡിയോ നൽകിയത്. നഗരസഭാ കൗൺസിലർ കെ. റഷീദ്, സി.ഡി.എസ്. ഉപാധ്യക്ഷ രാധാ സത്യൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു. നഗരസഭ പി.എം.എ.വൈ. പദ്ധതിപ്രകാരം ചിന്നമ്മയ്ക്ക് അനുവദിച്ച വീടിന്റെ നിർമാണം പുരോഗമിക്കുകയാണ്.
content highlights:
ചെതലയം വളാഞ്ചേരി കുന്നിലെ വടക്കേല്‍വീട്ടില്‍ ചിന്നമ്മയ്ക്ക് നഗരസഭാ ചെയര്‍മാന്‍ ടി.എല്‍. സാബു റേഡിയോ സമ്മാനിക്കുന്നു