സുൽത്താൻബത്തേരി: രണ്ടുദിവസം മുമ്പ് കർണാടക വനമേഖലയിലേക്ക് കടന്ന റേഡിയോ കോളർ കൊമ്പൻ വീണ്ടും തിരിച്ചെത്തി. ബത്തേരി റെയ്ഞ്ചിലെ പൊൻകുഴി വനമേഖലയിലേക്കാണ് ആന വീണ്ടുമെത്തിയത്. ബന്ദിപ്പുർ വനമേഖലയിലായിരുന്ന ആന തിങ്കളാഴ്ച ഉച്ചയോടെയാണ് പൊൻകുഴി പ്രദേശത്തേക്ക് നീങ്ങിയത്.
മദപ്പാടിലുള്ള കൊമ്പൻ സ്വമേധയാ ആണ് വെള്ളിയാഴ്ച രാത്രിയോടെ വടക്കനാടുനിന്ന് ബന്ദിപ്പുരിലേക്ക് പോയത്. ആനയെ പിടികൂടുന്നതിനുള്ള ഒരുക്കങ്ങൾ വനംവകുപ്പ് നടത്തിവരുന്നതിനിടെയായിരുന്നു ഇത്.
കഴിഞ്ഞ 30-ന് പൊൻകുഴി കാട്ടുനായ്ക്കകോളനിക്ക് സമീപത്ത് ആന ആദിവാസിബാലനെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ജനകീയ പ്രതിഷേധങ്ങളെത്തുടർന്നാണ് സംസ്ഥാന വനംവകുപ്പ് മേധാവി കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവിട്ടത്. വനത്തിലേക്ക് പ്രവേശിക്കരുതെന്നും ജാഗ്രതപാലിക്കണമെന്നും ദിവസങ്ങൾക്കുമുമ്പ് വനംവകുപ്പ് ജീവനക്കാർ ആദിവാസികൾ ഉൾപ്പെടെയുള്ള പ്രദേശവാസികൾക്ക് നിർദേശം നൽകിയിരുന്നു.
മഴപെയ്തതിനാൽ വനപാതയിലൂടെ ലോറി വനത്തിനുള്ളിലേക്ക് കൊണ്ടുപോകാൻ പ്രയാസമാണ്. മയക്കുവെടി വെച്ചശേഷം ആനയെ ഒരുകിലോമീറ്ററിലേറെ നടത്തിക്കൊണ്ടുപോകാനാവില്ല. വനാതിർത്തിയോടുചേർന്നുള്ള പ്രദേശങ്ങളിൽ കൊമ്പനെത്തിയാൽമാത്രമേ മയക്കുവെടി വയ്ക്കാനാവൂ.
തയ്യാറെടുപ്പുകൾ പൂർത്തിയായി
ആനയെ മയക്കുവെടിവച്ച് പിടികൂടുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായി. സാഹചര്യം ഒത്താൽ ഉടൻതന്നെ ആനയെ പിടികൂടും. പിടികൂടുന്ന ആനയെ പാർപ്പിക്കുന്നതിനായി മുത്തങ്ങ ആനപ്പന്തിയിൽ പുതിയ ആനക്കൊട്ടിലിന്റെ നിർമാണം കഴിഞ്ഞദിവസം പൂർത്തിയാക്കിയിട്ടുണ്ട്. ആനയെ മുത്തങ്ങയിലേക്ക് എത്തിക്കുന്നതിനുള്ള ലോറിയും സജ്ജമാക്കി.
ഡോ. അരുൺ സഖറിയ
ഫോറസ്റ്റ് അസി. വെറ്ററിനറി സർജൻ