പടിഞ്ഞാറത്തറ : അംബേദ്കറിന്റെ പേരിൽ ബപ്പനംമലയിലുള്ള കോളനിക്കും പറയാനുള്ളത് ദുരിതങ്ങളെക്കുറിച്ചുതന്നെയാണ്. വേനലാണ് വരുന്നത്, ഏറ്റവും പ്രധാനമായ കുടിവെള്ളത്തിന് ഒരു ഉറപ്പുവേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. കാട്ടുനായ്ക്കരും പണിയസമുദായക്കാരും താമസിക്കുന്ന അംബേദ്‌കർ ഗ്രാമം ഇക്കാലംവരെയും അവഗണനകളാണ് നേരിട്ടത്. മലകയറിയെത്തിയ പലപദ്ധതികളും ലക്ഷ്യംതെറ്റിയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് ഇവരിൽ അവശേഷിക്കുന്നത്.

നാൽപ്പതോളം കുടുംബങ്ങളാണ് ഇവിടെയുള്ളത്. തൊഴിലിനായി ദിവസവും മലയിറങ്ങുകയും കയറുകയും ചെയ്യുന്ന കുടുംബങ്ങൾക്ക് കോളനിയിലെ ജീവിതം അത്ര സുഖകരമല്ല. പദ്ധതികൾ മുറതെറ്റാതെ എത്തുമ്പോഴും എത്രത്തോളം ലക്ഷ്യത്തിലെത്തി എന്ന് ആരും അന്വേഷിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. പടിഞ്ഞാറത്തറ പഞ്ചായത്തിലെ പതിനാറാം വാർഡിലുള്ള അംബേദ്കർ കോളനിയിലെ പരിമിതികൾ പുറംലോകം അറിയുന്നതും വിരളമാണ്.

ഇവിടെയുണ്ട്, അവഗണനയിൽ ഒരു അംബേദ്കർ ഗ്രാമം
കാടുമൂടിയ നിലയിൽ വനഭാഗത്തുള്ള കുടിവെള്ളപദ്ധതിയുടെ ജലസംഭരണി

വഴിമുട്ടുമോ ദാഹജലം

അംബേദ്കർ കോളനിയിലേക്ക് കുടിവെള്ളമെത്തുന്നതിന് കാട്ടരുവികൾ കനിയണം. വർഷങ്ങൾക്കുമുമ്പ് കാട്ടരുവിയിൽ സ്ഥാപിച്ച പൈപ്പ് വഴിയാണ് കോളനിയിലും പരിസരപ്രദേശങ്ങളിലുമെല്ലാം കുടിവെള്ളം എത്തുന്നത്. വേനൽ ശക്തികൂടുന്നതോടെ, വെള്ളം കിട്ടുന്ന കാട്ടരുവിയുടെ ഭാഗങ്ങളിലേക്ക് പൈപ്പ് ലൈൻ മാറ്റിയിട്ടാണ് കുടിവെള്ളക്ഷാമത്തെ ഇവർ മറികടക്കുന്നത്.

ശാശ്വതപരിഹാരം കാണണമെന്ന നിരന്തര ആവശ്യത്തെത്തുടർന്ന് അഞ്ചുവർഷങ്ങൾക്കുമുമ്പ് പി.വി.ടി.ജി. പദ്ധതിയിൽ 40 ലക്ഷത്തോളം രൂപ വകയിരുത്തി ജലഅതോറിറ്റി ഇവിടേക്ക് കുടിവെള്ളപദ്ധതി ആസൂത്രണംചെയ്തു. ബപ്പനംമലയിലെ വനഭാഗത്ത് കാട്ടരുവിയിൽ തടയണ നിർമിച്ച് ഇവിടെനിന്ന്‌ ഒന്നരക്കിലോമീറ്റർ താഴെയുള്ള ജലസംഭരണിയിലെത്തിച്ച് കുടിവെള്ളവിതരണം നടത്താനായിരുന്നു ഉദ്ദേശ്യം. പദ്ധതി പൂർത്തിയാക്കി, തുടക്കത്തിൽ കേവലം മൂന്നുമാസത്തോളം മാത്രമാണ് നല്ലവെള്ളം ലഭിച്ചതെന്ന് കോളനിവാസികൾ പറയുന്നു. ഇരുമ്പുപൈപ്പ് വഴി കുടിവെള്ളം വിതരണംചെയ്തതാണ് വിനയായത്. പൈപ്പുകൾ തുരുമ്പെടുത്ത് വെള്ളത്തിലും കലർന്നു. അലക്കാനും കുളിക്കാനും പോലും ഈ വെള്ളം ഉപയോഗിക്കാൻ കഴിയാതായതോടെ പഴയ കുടിവെള്ളപദ്ധതിതന്നെയായി കോളനിക്കാരുടെ ആശ്രയം.

ഇവിടെയുണ്ട്, അവഗണനയിൽ ഒരു അംബേദ്കർ ഗ്രാമം
ഇനിയും തുറക്കാത്ത കമ്യൂണിറ്റി ഹാൾ

ഇത്രയുംതുക ചെലവായതല്ലാതെ ആർക്കും ഉപകാരപ്പെടാതെപോയ പദ്ധതി ഇവിടെ പേരിനുണ്ട്. പദ്ധതിക്കായി നിർമിച്ച വനത്തിലെ തടയണപോലും കാടുമൂടി ചെളിനിറഞ്ഞ് ഉപയോഗശൂന്യമായി. വേനൽക്കാലമാകുന്നതോടെ കുടിവെള്ളത്തെക്കുറിച്ചുള്ള ആശങ്ക തുടങ്ങും. ഇരുമ്പുപൈപ്പ് മാറ്റി പി.വി.സി.യാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും.

ഇതെന്ത് കമ്യൂണിറ്റിഹാൾ

കല്പറ്റ ബ്ലോക്ക് പഞ്ചായത്ത് 2018-’19 വർഷത്തിൽ പത്തുലക്ഷം രൂപ വകയിരുത്തിയാണ് ഇവിടെയൊരു കമ്യൂണിറ്റി ഹാൾ പണികഴിപ്പിച്ചത്. ഇതുവരെയും ഈ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനുപോലും ആരുമെത്തിയില്ല. ജനൽപ്പാളികളും വൈദ്യുതികണക്‌ഷനുമില്ലാത്ത ഈ കെട്ടിടം ഇപ്പോൾ കാലഹരണപ്പെട്ടിരിക്കുകയാണ്. വൈദ്യുതിയില്ലാത്തതിനാൽ കോവിഡ് കാലത്ത്‌ ഓൺലൈൻ പാഠശാലയായി ഉപയോഗിക്കാൻപോലും കഴിഞ്ഞില്ല.

കാട്ടുനായ്ക്ക, പണിയ വിഭാഗത്തിൽ മുപ്പതോളം കുട്ടികളാണ് ഇവിടെയുള്ളത്. ഇവർക്ക് ഒരു സമൂഹപഠനമുറി അത്യാവശ്യമാണ്.

അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയാൽ കമ്യൂണിറ്റി ഹാൾ കുട്ടികൾക്ക് പഠനാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാവും. ഇന്റർനെറ്റ് സൗകര്യമടക്കമുള്ള ഒരു സമൂഹ പഠനമുറിയാണ് കുട്ടികൾ കാത്തിരിക്കുന്നത്. മൊബൈൽ ഫോണുകൾക്ക് റെയ്‌ഞ്ച് കുറവായതിനാൽ ഓൺലൈൻ ക്ലാസുകളിൽ കുട്ടികൾ സാഹസപ്പെട്ടാണ് പങ്കെടുക്കുന്നത്. എന്നാൽ, ആരും മുൻകൈയെടുക്കുന്നില്ല. അംബേദ്കറിന്റെ പേരിലുള്ള ഈ കോളനിയെ എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നതെന്നാണ് ഇവിടത്തെ കുട്ടികൾക്കുപോലും ചോദിക്കാനുള്ളത്.