മാനന്തവാടി: കർഷകരെ ആശങ്കയിലാഴ്ത്തി നേന്ത്രക്കായയുടെ വില കുത്തനെ കുറയുന്നു. 18 രൂപയാണ് ഇപ്പോൾ കിലോയ്ക്ക് വില. ‘‘ഇപ്പോൾ സീസണാണ്. ഈ സമയത്ത് 35 രൂപയ്ക്കുമുകളിൽ വില കിട്ടിയില്ലെങ്കിൽ കാര്യമില്ല’’ -മാനന്തവാടിയിലെ കർഷകൻ സജി സെബാസ്റ്റ്യൻ പറഞ്ഞു. കഴിഞ്ഞവർഷം ഇതേസമയം 40 രൂപ വിലയുണ്ടായിരുന്നു. ഈ വർഷം ഇതുവരെ അത്രയും വില എത്തിയില്ല. ജൂൺ മാസം ഏതാനും ദിവസം 31 രൂപ വിലയെത്തിയതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. 30 രൂപയെങ്കിലും ഇപ്പോഴുണ്ടായിരുന്നെങ്കിൽ പിടിച്ചുനിൽക്കാമായിരുന്നെന്ന് കർഷകർ പറയുന്നു. പ്രളയത്തെ തോൽപ്പിക്കാനായി ഭൂരിഭാഗം കർഷകരും ഇത്തവണ നേരത്തേ കൃഷിയിറക്കിയിരുന്നു. ഫെബ്രുവരിയിൽത്തന്നെ വിളവെടുപ്പ് തുടങ്ങിയെങ്കിലും പ്രതീക്ഷിച്ച വില ലഭിച്ചില്ല. ഇനി വരുന്ന ദിവസങ്ങളിലും വില ഉയർന്നില്ലെങ്കിൽ മുടക്കുമുതൽപോലും തിരിച്ചുകിട്ടാത്ത അവസ്ഥയാവുമെന്നും കർഷകർ പറയുന്നു.
ചെലവ് 200 രൂപവരെ
പാട്ടം, പണിക്കൂലി, വളം ഇങ്ങനെ നോക്കിയാൽ ഒരു വാഴയ്ക്ക് 180 രൂപമുതൽ 200 രൂപവരെ മുടക്കുവരുമെന്നാണ് കർഷകർ പറയുന്നത്. 1000 വാഴ കൃഷിചെയ്യുന്ന കർഷകന് 850 വാഴകളിൽനിന്നേ വിളവെടുക്കാനാവൂ. കുറച്ച് വാഴകൾ കേടുവന്നുംമറ്റും നശിക്കും. ഈ നഷ്ടം നികത്തൽ, ലാഭം തുടങ്ങിയ കർഷകന്റെ പ്രതീക്ഷകളെല്ലാം വിപണിയിലാണ്. ഒരു കുലയ്ക്ക് എട്ടുകിലോമുതൽ 10 കിലോവരെയാണ് പരമാവധി തൂക്കം കിട്ടുക. 10 കിലോ തൂക്കമുള്ള കുലയുടെ തണ്ടിന്റെ തൂക്കമായ ഒന്നരക്കിലോ കുറയ്ക്കും. ശേഷം കിട്ടുന്നതാണ് കർഷകന്റെ വരുമാനം. ഒന്നാംതരത്തിൽ പോയാൽമാത്രമേ ഈ തുക ലഭിക്കുകയുള്ളൂ. രണ്ടാം തരത്തിൽ കിലോയ്ക്ക് വിപണിവിലയെക്കാൾ ആറുരൂപയോളം കുറയും. മൂന്നാംവിഭാഗത്തിൽ വളരെ തുച്ഛമായ തുകയാണ് ലഭിക്കുക.
വിപണികൾ അടഞ്ഞു
തിരുവനന്തപുരം, എറണാകുളം, മംഗലാപുരം, ബെംഗളൂരു, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ജില്ലയിൽനിന്ന് വാഴക്കുലകൾ കയറ്റിയയച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടങ്ങളിലെ നേന്ത്രക്കായവിപണികൾ പലതും അടഞ്ഞതും മറ്റുസംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി കുറഞ്ഞതും വിലയിടിയാൻ കാരണമായതായി കച്ചവടക്കാർ പറയുന്നു. മുൻവർഷങ്ങളിൽ ജില്ലയിൽനിന്ന് 20 മുതൽ 25 ലോഡ് വാഴക്കുലകൾ ഒരു ദിവസം കായംകുളത്തെ വിപണിയിൽ എത്തിച്ചിരുന്നു. ഈ വർഷം വിപണി അടഞ്ഞതുകാരണം വാഴക്കുലകൾ പോകുന്നില്ല. മറ്റു വിപണികളിലേക്ക് കുറഞ്ഞ അളവിലാണ് വാഴക്കുലകൾ കയറ്റിപ്പോകുന്നത്.നേന്ത്രക്കായയുടെ വിപണിവില മാർച്ച് മുതൽ ഇതുവരെപത്തുകിലോ തൂക്കമുള്ള
വാഴക്കുലയ്ക്ക് നിലവിൽ
കിട്ടുന്ന വരുമാനം 149 രൂപ
ഒരു വാഴക്കുലയിൻമേലുള്ള നഷ്ടം 51 രൂപ