അതിരാറ്റുകുന്ന്: പൂതാടി പഞ്ചായത്തിലെ അതിരാറ്റുകുന്നിൽ പതിവായി കാട്ടാനകൾ വന്നുപോകുന്നത് എൺപതോളം കുടുംബങ്ങളെ ഭീതിയിലാഴ്ത്തുന്നു. അല്ലിയാങ്കൽ കടവിലെ ചതുപ്പ് പ്രദേശത്തിലൂടെയാണ് കാട്ടാനകൾ പതിവായെത്തുന്നത്. വനംവകുപ്പ് പ്രതിരോധനടപടികൾ ഒരുക്കുന്നുണ്ടെങ്കിലും പരിഹാരമാവുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

ചതുപ്പുപ്രദേശത്തിലൂടെ എത്തുന്ന കാട്ടാനകൾ കടന്നുപോകുന്നത് അതിരാറ്റുകുന്നിലൂടെയാണ്. ഏതാണ്ട് 80 വീടുകൾ കടന്നാണ് കാട്ടാനകൾ ഇതുവഴി മറ്റ് ജനവാസമേഖലകളായ എല്ലക്കൊല്ലി, തൂത്തലേരി, അങ്ങാടിശ്ശേരി, മണൽവയൽ തുടങ്ങിയ പ്രദേശങ്ങളിൽ എത്തുന്നത്. നെയ്കുപ്പ ഫോറസ്റ്റ് റേഞ്ചിൽ പൂതാടി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിൽ ഉൾപ്പെടുന്ന കേളമംഗലം, ഒലിമടാവ്, മടാപറമ്പ്, അതിരാറ്റുകുന്ന്, എല്ലക്കൊല്ലി, മണൽവയൽ തുടങ്ങിയ ഇടങ്ങളിലാണ് കാട്ടാനകൾ അപകടകാരികളാവുന്നതും കാർഷിക ഉത്പന്നങ്ങൾ നശിപ്പിക്കുന്നതും.

മുമ്പ് കാർഷികവിളകൾ മാത്രമാണ് നശിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോൾ മനുഷ്യരുടെ നേർക്കും തിരിയാൻ തുടങ്ങി. അഞ്ചുവർഷംമുമ്പ് എല്ലക്കൊല്ലി കോളനിയിലെ മാരനെ ആന കുത്തിക്കൊന്നിരുന്നു. രണ്ടുവർഷംമുമ്പ് മടാപറമ്പ് ഭാസ്കരന് കാട്ടാനയുടെ ആക്രമണത്തിൽ കാലിന് ഗുരുതര പരിക്കേറ്റു. മടാപറമ്പ് കോളനിയിലെ തെണ്ടുക്കനെ ആന ഓടിച്ചെങ്കിലും അദ്‌ഭുതകരമായി രക്ഷപ്പെട്ടത് മാസങ്ങൾക്കുമുമ്പാണ്. രാവിലെ പാൽ വാങ്ങാൻപോയ കാട്ടിപ്പാക്കൽ നാരായണനെ ഒരാഴ്ചമുമ്പ് കാട്ടാന ഓടിച്ചു. പത്രഏജന്റായ അല്ലിയാങ്കൽ എ.കെ. സാബു കഴിഞ്ഞയാഴ്ച പത്രവിതരണത്തിനായി പോകുമ്പോൾ കാട്ടാനയുടെ മുന്നിൽ അകപ്പെട്ടു. ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്ന് സാബു പറഞ്ഞു.

തടയാൻ സംവിധാനമില്ല

ആനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാനായി വനംവകുപ്പ് മുമ്പ് കേളമംഗലം മുതൽ നെയ്ക്കുപ്പ വരെയുള്ള ഏതാണ്ട് മൂന്നുകിലോമീറ്ററോളം ഭാഗങ്ങളിൽ കന്മതിൽ സ്ഥാപിച്ചിരുന്നത് പരിധിവരെ ആനകൾ ഇറങ്ങാതിരിക്കാൻ സഹായിച്ചിരുന്നു. എന്നാൽ വനത്തോടുചേർന്ന് കിടക്കുന്ന ബാക്കി നാലര കിലോമീറ്ററോളം ഭാഗങ്ങളിൽ ഇലക്ട്രിക് ഫെൻസിങ്ങ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ആനകൾ ഇവ തകർത്താണ് കാടുവിട്ട് പുറത്തേക്കിറങ്ങുന്നത്.

നാലുവർഷംമുമ്പ് വനംവകുപ്പ് മടാപറമ്പ് അതിരാറ്റുകുന്ന്- പുല്പള്ളി റോഡിലെ വനാതിർത്തിയിൽ ഇരുമ്പുഗേറ്റ് സ്ഥാപിച്ചിരുന്നു. ഒരുവർഷം തികയുംമുമ്പേ ഗേറ്റ് ആന തകർത്തു. നാട്ടുകാർ പണംസ്വരൂപിച്ച് പുതുക്കിപ്പണിതെങ്കിലും അതിനും ഒരാഴ്ചത്തെ ആയുസ്സേ ഉണ്ടായുള്ളൂ. കാട്ടാനകൾ അതും തകർത്തെറിഞ്ഞു. പിന്നീട് രണ്ടുവർഷത്തോളം ഈ ഗേറ്റ് ആരും തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ദിവസം വീണ്ടും നാട്ടുകാർ ചേർന്ന് ഗേറ്റ് പുനഃസ്ഥാപിച്ചു. ഗേറ്റിന് സമീപം ഒലിമടാവിൽ വനം വകുപ്പ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി മൺതടയണ നിർമിച്ചത് തങ്ങൾക്ക് വിനയാവുമെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.

നെൽവയലുകൾ തരിശായി

പന്നി, കുരങ്ങ്, മാൻ, മയിൽ തുടങ്ങിയവ പതിവായെത്തി കാർഷികവിളകൾ നശിപ്പിക്കുന്നതും പ്രശ്നമാണ്. ഇതോടെ പുഞ്ചയും നഞ്ചയും ഇറക്കിയിരുന്ന നെൽവയലുകളൊക്കെ തരിശായിമാറി. ഒലിമടാവ്, കാടക്കുളം മേഖലയിലെ ഏക്കറുകണക്കിന് നെൽവയലുകളാണിപ്പോൾ വർഷങ്ങളായി കൃഷിയിറക്കാനാവാതെ കാടുമൂടിക്കിടക്കുന്നത്. തെങ്ങ്, വാഴ, കാപ്പി, കമുക് തുടങ്ങിയ വിളകളും നശിപ്പിക്കപ്പെടുകയാണ്. ചുരുക്കത്തിൽ ഉപജീവനമാർഗം വഴിമുട്ടിയ അവസ്ഥയാണെന്ന് കർഷകർ പറയുന്നു.

വനംവകുപ്പിന്റെ നേതൃത്വത്തിൽ ജനജാഗ്രതാസമിതിയുടെ സഹകരണത്തോടെ കേളമംഗലം ഭാഗങ്ങളിൽ രണ്ടുജീവനക്കാരെ ഇലക്ട്രിക് ഫെൻസിങ് പരിപാലനത്തിനായി നിയമിച്ചതല്ലാതെ മറ്റു കാവലുകളൊന്നും അധികൃതർ ഒരുക്കിയിട്ടില്ല. ഇപ്പോൾ ഒരുമാസത്തോളമായി അതിരാറ്റുകുന്ന് നിവാസികൾ ഷെഡ് കെട്ടിയും ഏറുമാടമൊരുക്കിയും കാവൽനിൽക്കുകയാണ്. വൈകുന്നേരം 6.30 മുതൽ രാത്രി 12.30 വരെ ആന ഇറങ്ങാതെ നോക്കുന്നതിനായി 30 ദിവസമായി മുടങ്ങാതെ ഉറക്കമൊഴിച്ചിരിക്കുകയാണെന്ന് ഇവർ പറയുന്നു.

content highlights: athirattukunnu elephant