മുട്ടിൽ: ഗ്രാമപ്പഞ്ചായത്തിലെ 2019-2020 വർഷത്തിലെ പദ്ധതി വിഹിതം പങ്കുവെച്ചതിൽ സ്വജനപക്ഷപാതം ആരോപിച്ച് യു.ഡി.എഫ്. അംഗങ്ങൾ വർക്കിങ് ഗ്രൂപ്പ് യോഗം ബഹിഷ്കരിച്ചു. പ്രസിഡന്റും വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷരും എൽ.ഡി.എഫ്. അംഗങ്ങളും ചേർന്ന് പദ്ധതി വിഹിതം വീതിച്ചെടുത്തെന്നാണ് ആരോപണം. വർക്കിങ് ഗ്രൂപ്പ് ചർച്ച ചെയ്ത് പദ്ധതിയാക്കാതെ സ്വന്തം ഇഷ്ടപ്രകാരമുള്ള പദ്ധതികൾ ആണ് നടപ്പാക്കുന്നതെന്നാണ് യു.ഡി.എഫിന്റെ ആരോപണം.
ഭരണസമിതിയോഗം കഴിഞ്ഞാൽ മിനുട്ട്‌സ് പൂർത്തിയാക്കാതെ പിന്നീട് ഇഷ്ടമുള്ളത് എഴുതിച്ചേർക്കുന്നുവെന്നും അവർ ആരോപിച്ചു. പ്രളയദുരിതാശ്വാസത്തിനായി ലഭിച്ച 650 കിറ്റുകളും 700 സോളാർ ലൈറ്റുകളും ഇപ്പോഴും വിതരണം ചെയ്യാതെ കമ്യൂണിറ്റി ഹാളിൽ കെട്ടിക്കിടക്കുകയാണെന്നും യു.ഡി.എഫ്. അംഗങ്ങൾ ആരോപിച്ചു.
സുന്ദർരാജ് എടപ്പെട്ടി, എൻ.ബി. ഫൈസൽ, ചന്ദ്രികാ കൃഷ്ണൻ, നദീറ മുജീബ്, ആയിഷാബി, ബബിതാ രാജീവൻ, സീമ ജയരാജ്, മോഹനൻ എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്.
എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. ഭരതൻ പറഞ്ഞു. പ്രളയദുരിതാശ്വാസ സമയത്ത് ലഭിച്ച കിറ്റുകളെല്ലാം 19 വാർഡുകളിലും ഗുണഭോക്താക്കൾക്ക് നൽകി. കൈവശമുള്ളത് പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി രോഗികൾക്ക് നൽകാനുള്ളതാണ്. ഫണ്ട് സ്വജനപക്ഷപാതപരമായി വിതരണം ചെയ്തെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ചില വാർഡുകളിൽ റോഡ് അറ്റകുറ്റപ്പണികൾ ചെയ്യാനില്ലെന്നാണ് പറഞ്ഞത്. അതേസമയം തനത് ഫണ്ടും ധനകാര്യ ഫണ്ടും അനുവദിച്ചിരുന്നു. ഇപ്പോൾ അധികമായി നൽകിയ മൂന്നരലക്ഷം രൂപയുടെ റോഡ് പ്രവൃത്തികൾക്കായി ബഹിഷ്കരിച്ച അംഗങ്ങളും സജീവമായി ഇടപെടുന്നുണ്ട്. വികസന പ്രവർത്തനങ്ങളിൽ വിളറിപൂണ്ടാണ് ഇപ്പോൾ യു.ഡി.എഫ്. അംഗങ്ങൾ പ്രതിഷേധിക്കുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.