സുൽത്താൻബത്തേരി: കോഴിക്കോട്-കൊല്ലഗൽ 766 ദേശീയപാതയിലെ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന സർക്കാരും കേരളത്തിൽ നിന്നുള്ള എം.പി.മാരും ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. അനുകൂല സമീപനമുണ്ടാകുന്നതിനായി കേരളത്തിലെ ബി.ജെ.പി. നേതൃത്വം കേന്ദ്രത്തിൽ സമ്മർദം ചെലുത്തണം. സുപ്രീംകോടതി നിർദേശ പ്രകാരം നാല് ആഴ്ചക്കുള്ളിൽ വനം പരിസ്ഥിതി മന്ത്രാലയം ഗോണിക്കുപ്പറോഡ് ബദൽപാതയായി ഉപയോഗിച്ചാൽ മതിയെന്ന് ശുപാർശ ചെയ്താൽ ദേശീയപാത 766 ഇല്ലാതാകും. അടിയന്തര പ്രാധാന്യമുള്ള വിഷയമെന്ന നിലയ്ക്ക്, ഈ പ്രശ്നം പരിഹരിക്കുന്നതിനായി എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വം മുന്നോട്ടുവരണം. ഇതോടൊപ്പം ജില്ലയിലെ ജനങ്ങളും കൂട്ടായ പോരാട്ടത്തിന് തയ്യാറാകണം. ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ, കെ.പി. ജോസഫ്, കുര്യൻ ജോസഫ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
രാഷ്ട്രീയ തീരുമാനത്തിലൂടെ പ്രശ്നംപരിഹരിക്കണം
സുൽത്താൻബത്തേരി: ദേശീയപാതയിൽ പൂർണമായി ഗതാഗത നിരോധനം നിരോധിക്കാനുള്ള ശ്രമങ്ങൾക്കെതിരേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സമയോചിതമായി ഇടപെടണമെന്ന് യു.ഡി.എഫ്. ബത്തേരി മുനിസിപ്പൽ കമ്മിറ്റി നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സുപ്രീം കോടതിയുടെ മുന്നിലുള്ള വിഷയത്തെ രാഷ്ട്രീയ തീരുമാനങ്ങളിലൂടെ മറികടക്കാൻ ഇരുസർക്കാരുകളും തയ്യാറാകണം. ദേശീയപാത അടച്ചിട്ടാൽ ബത്തേരി നഗരം നിശ്ചലമാകും. മാനന്തവാടി വഴി നിർദേശിക്കപ്പെട്ടിട്ടുള്ള ബദൽ റോഡ് ബത്തേരിയെ സംബന്ധിച്ച് പ്രായോഗിമല്ല. ചെയർമാൻ ഷെബീർ അഹമ്മദ്, കൺവീനർ ബാബു പഴുപ്പത്തൂർ തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
സംസ്ഥാന സർക്കാർ ഇടപെടണം
സുൽത്താൻബത്തേരി: ദേശീയ പാതയിലെ ഗതാഗതം നിലനിർത്തുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് വയനാട് ജില്ലാ ലോറി ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ദേശീയ പാതയിലെ ഗതാഗതം നിരോധിച്ചാൽ ലോറി വ്യവസായ മേഖലയെ സാരമായി ബാധിക്കും. ഈ മേഖലയിൽ ജോലിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളും പ്രതിസന്ധിയിലാകും. ജില്ലാ പ്രസിഡന്റ് റഷീദ് ബാവ അധ്യക്ഷത വഹിച്ചു. അബു നായ്ക്കട്ടി, യു.സി. ഷെമീർ, വിനോദ് മാനന്തവാടി തുടങ്ങിയവർ സംസാരിച്ചു.