തൃത്താല: വെള്ളിയാങ്കല്ല് െറഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കാനാവാതെ പട്ടാമ്പിമേഖലയെ പ്രളയക്കെടുതിയിലാഴ്ത്തിയത് ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണെന്നും ഇതിന് നാട്ടുകാരെ ബലിയാടാക്കരുതെന്നും എം.പി. വീരേന്ദ്രകുമാർ എം.പി.
വെള്ളിയാങ്കല്ല് െറഗുലേറ്റർ കം ബ്രിഡ്ജിന്റെ ഷട്ടറുകൾ തുറക്കാനാവാതെ വന്നതോടെ പ്രദേശമാകെ വെള്ളത്തിനടിയിലായതിന്റെ ദുരിതത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞവർഷം ഓഗസ്റ്റിൽ പ്രളയമുണ്ടായപ്പോഴും തൃത്താലമേഖലയിൽ ജലനിരപ്പുയർന്ന് ദുരിതമുണ്ടായിരുന്നു. പ്രളയംകഴിഞ്ഞ് ഒരുവർഷം കഴിഞ്ഞിട്ടും ഷട്ടറുകളുടെ പ്രശ്നം പരിഹരിക്കാൻ അധികൃതർക്കായില്ല.
ഷട്ടറുകൾ പരിപാലിക്കാനും ശ്രദ്ധിക്കാനും ബാധ്യതപ്പെട്ട ഉദ്യോഗസ്ഥർക്ക് പ്രദേശവുമായി ബന്ധമില്ല. വെള്ളിയാങ്കലിലെ ഷട്ടറുകൾ ഉൾപ്പെടെ പരിപാലിക്കേണ്ട ഉദ്യോഗസ്ഥരുടെ ഓഫീസ് കിലോമീറ്ററുകൾ അകലെ ചമ്രവട്ടത്താണ്. അവിടെനിന്ന് ഉദ്യോഗസ്ഥർ എത്താറേയില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഷട്ടർ സമയത്ത് തുറക്കാത്തതുകൊണ്ടാണ് കഴിഞ്ഞവർഷത്തെപ്പോലെ ഇത്തവണയും പട്ടാമ്പിപ്പാലത്തിനു മുകളിൽ വെള്ളം കുത്തിയൊഴുകി ഗതാഗതം തടസ്സപ്പെട്ടത്.
ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ല. ഉദ്യോഗസ്ഥർ ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടോ എന്നു നോക്കാൻ പ്രത്യേക സംവിധാനം വേണം. കഴിഞ്ഞ മഴക്കാലങ്ങളിലെല്ലാം ഈ ആവശ്യമുന്നയിച്ച് ജനങ്ങൾ സമരംചെയ്യുന്നുണ്ട്. കഴിഞ്ഞദിവസവും ശക്തമായ പ്രതികരണമുണ്ടായി. ഞായറാഴ്ച ഷട്ടറുകൾ ഒരുവിധം തുറന്നെങ്കിലും ഇത് വേണ്ടസമയത്ത് തുറക്കാനും അടയ്ക്കാനുമുള്ള കൃത്യമായ സംവിധാനം ഒരുക്കുകയാണ് പ്രശ്നത്തിനുള്ള പരിഹാരം. ഇതിന് സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.