അമ്പലവയൽ: എടക്കൽഗുഹ സ്ഥിതിചെയ്യുന്ന അമ്പുകുത്തി മലയിലും ഉരുൾപൊട്ടൽ. നെന്മേനി പഞ്ചായത്തിലെ പട്ടിയമ്പത്ത്‌ വ്യാഴാഴ്ച പകൽ മൂന്നുമണിയോടെയാണ് ഉരുൾപൊട്ടിയത്. സ്വകാര്യതോട്ടത്തിനുള്ളിലാണ് സംഭവം. ആൾത്താമസമില്ലാത്ത പ്രദേശമായതിനാൽ ആളപായമുണ്ടായില്ല. വെള്ളിയാഴ്ചയും ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.

അമ്പുകുത്തി മലയുടെ കിഴക്കൻചെരുവിലെ മണ്ണും കല്ലും ഇടിഞ്ഞിറങ്ങുകയായിരുന്നു. ഉരുൾപൊട്ടിയ ഭാഗത്തുനിന്ന് പാറക്കഷണങ്ങളും മരത്തടികളും ഒലിച്ചുവന്നു. മുകളിൽനിന്ന് കുത്തിയൊലിച്ചുവന്നവ രണ്ടായി പിരിഞ്ഞു. 300 മീറ്റർ ഭാഗത്തെ മരങ്ങൾ കടപുഴകി. എസ്റ്റേറ്റ് ബംഗ്ലാവും ഒരു ചെറിയവീടും മാത്രമാണ് ഈ ഭാഗത്തുള്ളത്. വലിയ ശബ്ദം കേട്ടെന്നും ഉരുൾപൊട്ടലാണെന്ന് പിന്നീടാണ് മനസ്സിലായതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന എസ്റ്റേറ്റ് നടത്തിപ്പുകാരൻ മോഹനൻ പറഞ്ഞു.

മണ്ണിടിച്ചിൽ ഭീഷണിയെത്തുടർന്ന് സമീപത്തുള്ള മുഴുവൻ കുടുംബങ്ങളെയും വ്യാഴാഴ്ച മാറ്റിപ്പാർപ്പിച്ചിരുന്നു. അമ്പുകുത്തി പത്തൊൻപതുകുന്ന് കോളനിയിലടക്കമുള്ളവർ അമ്പുകുത്തി സ്കൂളിലെ ക്യാമ്പിലാണ്. അമ്പുകുത്തി മലയുടെ താഴ്‌വരങ്ങളിൽ താമസിക്കുന്നവർ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസത്തെ മഴയിൽ എടക്കൽ ഗുഹയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞ്‌ മൂന്നുകടകൾ തകർന്നിരുന്നു. ഗുഹയിലേക്കുള്ള റോഡിൽ മണ്ണും കല്ലുംവീണ് വഴി തടസ്സപ്പെട്ടിരിക്കുകയാണ്.