അമ്പലവയൽ: കാക്കയ്ക്ക് ഒരു മനുഷ്യനോടുള്ള പകയുടെ അപൂർവമായൊരു സംഭവകഥയാണിത്. അമ്പലവയൽ ടൗണിലെ ട്രാക്ടർ ഡ്രൈവറായ മോഹനനെ മൂന്ന് കാക്കകൾ ഒന്നരവർഷമായി ആക്രമിക്കുകയാണ്. കുടയോ വടിയോ കയ്യിലില്ലാതെ ഇറങ്ങിനടന്നാൽ മോഹനനെ കാക്ക കൊത്തും. പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കാക്കകൾ മോഹനനെ സ്വൈരമായിരിക്കാൻ സമ്മതിക്കുന്നില്ല. ഈ പകയ്ക്കുപിന്നിൽ രസകരമായൊരു കഥയുണ്ട്.

മൂന്നുപതിറ്റാണ്ടായി അമ്പലവയൽ ടൗണിൽ ട്രാക്ടർ ഡ്രൈവറാണ് എടക്കൽ തയ്യിൽ മോഹനൻ. ഒന്നരവർഷം മുമ്പ് സ്റ്റാൻഡിൽ വെറുതെയിരിക്കുമ്പോഴാണ് പറക്കമുറ്റാത്ത രണ്ട് കാക്കക്കുഞ്ഞുങ്ങളെ ട്രാക്ടറിനടിയിൽ കണ്ടത്. മോഹനൻ അവയെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിക്കിടത്തി. തള്ളക്കാക്ക ഇതെല്ലാംകണ്ട് മരത്തിനുമുകളിൽ ഉണ്ടായിരുന്നു. ആ സംഭവത്തിനുശേഷം കാക്കക്കുഞ്ഞുങ്ങളെ പീന്നീടവിടെ കണ്ടില്ല. കുറച്ചുനാളുകൾക്കുശേഷം ടാറിൽ പുതഞ്ഞ ഒരു നായക്കുട്ടി ഈ പരിസരത്തെത്തി. മോഹനനും സുഹൃത്തുക്കളും ചേർന്നതിനെ ഡീസലും മണ്ണെണ്ണയും ഉപയോഗിച്ച് രക്ഷിച്ചു. തള്ളക്കാക്ക ഇതിനും സാക്ഷിയായിരുന്നു. തന്റെ കുഞ്ഞിനെയാണ് ഇവർ പരിചരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാകണം, അന്നുമുതൽ കാക്കകൾ മോഹനനെ പിന്തുടരുന്നു.

ബസ്‌സ്റ്റാൻഡ് പരിസരത്തെ മരച്ചില്ലകളിൽ വിശ്രമിക്കുന്ന കാക്കകൾ മോഹനന്റെ വരവറിഞ്ഞാൽ പാഞ്ഞടക്കും. ആക്രോശിക്കുന്ന തരത്തിൽ ബഹളമുണ്ടാക്കിയും കൊത്തിയും പുറകെകൂടും. തള്ളക്കാക്കയ്ക്ക് കൂട്ടിന് രണ്ടുപേർകൂടി എത്തിയിട്ടുണ്ടിപ്പോൾ. ട്രാക്ടറിൽനിന്ന് പുറത്തിറങ്ങിയാൽ കയ്യിലൊരു വടിയോ കുടയോ കരുതണം. ആറുമാസം മുമ്പ് കുടചൂടി നടന്ന മോഹനനനെ കാക്കകൾ ആക്രമിച്ചു. പുത്തൻകുടയുടെ ശീലകീറുംവരെ കൊത്തി. മറ്റാരെയും ഉപദ്രവിക്കാത്ത കാക്കകൾക്ക് മോഹനനെ കണ്ടുകൂടാ. തന്റെ വാഹനത്തിന്റെ നമ്പർവരെ കാക്കയ്ക്കറിയാമെന്ന് മോഹനൻ തമാശയും കാര്യവും കലർത്തി പറയുന്നു.

കാക്കകളുടെ കണ്ണുവെട്ടിക്കാൻ പല അടവും പയറ്റിനോക്കി. സ്ഥിരമുള്ള വസ്ത്രം മാറിനോക്കി, ഒരാഴ്ചയോളം സ്റ്റാൻഡിലേക്ക് വരാതിരുന്നു. ഇതുകൊണ്ടൊന്നും കാക്ക മോഹനനെ മറന്നില്ല. താൻ കൊണ്ടുവരുന്ന ഉച്ചഭക്ഷണത്തിൽനിന്ന് ഒരുപങ്ക് കൊടുക്കും. അതുകഴിച്ചശേഷം കാക്ക പിന്നെയും ഉപദ്രവിക്കും-മോഹനൻ ചിരിച്ചുകൊണ്ട് പറയുന്നു. കാക്കയും മോഹനനും തമ്മിലുള്ള പക അമ്പലവയൽ ബസ് സ്റ്റാൻഡ് പരിസരത്തുള്ളവർക്ക് കൗതുകമാണ്. സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ഇത് തമാശയായെടുക്കുമ്പോൾ കാക്കയുടെ പിണക്കം മാറ്റാനുള്ള വഴിതേടുകയാണ് മോഹനൻ.

content highlights: angry crows and mohanan ambalavayal