സുൽത്താൻബത്തേരി : അതിർത്തികടന്ന് പോയിവരാൻ അയൽസംസ്ഥാനങ്ങളിലെ വ്യത്യസ്ത നിയന്ത്രണങ്ങൾ യാത്രക്കാർക്ക് ആശയക്കുഴപ്പവും പ്രയാസവുമുണ്ടാക്കുന്നു. ജില്ലയോട് ചേർന്നുകിടക്കുന്ന കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും പോയിവരുന്നതിനാണ് ഈ നിയന്ത്രണക്കുരുക്ക്. കർണാടകയിലേക്ക് പോകുന്നതിന് ഒരു നിയമവും അവിടുന്ന് വയനാട്ടിലേക്ക് തിരിച്ചുവരാൻ മറ്റൊരു നിയമവുമാണ്. തമിഴ് നാട്ടിലേക്കാണെങ്കിലും ഇതുതന്നെ അവസ്ഥ.

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഒരു ഡോസ് വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റോ, അല്ലെങ്കിൽ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കൈയിലുണ്ടായാൽ മതി. എന്നാൽ 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ള യാത്രക്കാരെ മാത്രമേ കേരളത്തിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.

രണ്ടു ഡോസ് വാക്‌സിനെടുത്തവരാണെങ്കിൽപ്പോലും ഈ നിയന്ത്രണത്തിൽ ഇളവൊന്നുമില്ല. സ്ഥിരമായി കർണാടകത്തിലേക്ക് പോയിവരുന്ന ഇഞ്ചിക്കർഷകർ, വിദ്യാർഥികൾ, വ്യാപാരികൾ തുടങ്ങിയവർക്ക് ഈ നിയന്ത്രണങ്ങൾ വലിയ ബുദ്ധിമുട്ടാണുണ്ടാക്കുന്നത്. കർണാടകയിലേക്ക് പ്രവേശനത്തിനുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്തിയതോടെ നിരവധിപേർ അവിടേയ്ക്ക് പോയിരുന്നു. എന്നാൽ ഇവർ തിരിച്ച് വയനാട്ടിലേക്ക് വന്നപ്പോൾ അതിർത്തി ചെക്‌പോസ്റ്റുകളിൽ തടഞ്ഞു. രണ്ടു ഡോസ് വാക്‌സിനെടുത്തവരോട് പോലും ആർ.ടി.പി.സി.ആർ. പരിശോധനാ ഫലം വേണമെന്ന് നിർബന്ധംപിടിച്ചതോടെ യാത്രക്കാരും ഉദ്യോഗസ്ഥരും തമ്മിൽ വാക്കുതർക്കങ്ങൾക്ക് കാരണമായി.

ഈ നിയന്ത്രണങ്ങളെക്കുറിച്ച് അറിയാതെ, ദൂരെ സ്ഥലങ്ങളിലേക്ക് പോവേണ്ട യാത്രക്കാരടക്കം ഒട്ടേറെ പേരാണ് അതിർത്തി ചെക്‌പോസ്റ്റുകളിലെത്തി തിരിച്ചുപോകേണ്ടിവന്നത്.

കർണാടകയുമായി ബന്ധപ്പെട്ട് ജീവിത മാർഗം കണ്ടെത്തുന്നവരുൾപ്പെടെയുള്ള നൂറു കണക്കിന് മലയാളികളെയാണ് ഈ നിയന്ത്രണങ്ങൾ പ്രയാസത്തിലാക്കുന്നത്. തിങ്കളാഴ്ച കർണാടകയിലേക്ക് കെ.എസ്.ആർ.ടി.സി. ബസ് സർവീസ് തുടങ്ങുന്നുണ്ട്. ബസുകളിൽ യാത്രചെയ്യുന്നവർക്കും നിയന്ത്രണങ്ങൾ ബാധകമാണ്. ജില്ലയിലെ ഡിപ്പോകളിൽനിന്ന് ബെംഗളൂരു സർവീസ് തുടങ്ങുന്ന കാര്യം തീരുമാനമായിട്ടില്ല.

തമിഴ്നാട്ടിലേക്ക് ഇ പാസ് മതി ; തിരിച്ചുവരാൻ ആർ.ടി.പി.സി.ആർ.

:ജില്ലയോട് തൊട്ടുകിടക്കുന്ന തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പോവണമെങ്കിൽ ഇ പാസ് നിർബന്ധമാക്കിയിട്ടുണ്ട്.

കടുത്ത ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുവരുത്തിയാണ് തമിഴ്നാട്ടിലേക്ക് ഇ പാസ് ഉപയോഗിച്ചുള്ള പ്രവേശനം അനുവദിച്ചത്. പാസ് ഉപയോഗിച്ച് തമിഴ്നാട്ടിൽ കടന്ന് ഒരു മണിക്കൂറിനുള്ളിൽ തിരിച്ചുവന്നാൽപോലും അതിർത്തി ചെക് പോസ്റ്റുകളിൽ കേരളത്തിലെ ഉദ്യോഗസ്ഥർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നുണ്ട്.

അതിർത്തിപ്രദേശങ്ങളായ നീലഗിരി ജില്ലയിലെ പന്തല്ലൂർ മേഖലയിലും വയനാട്ടിലെ വടുവൻചാൽ മേഖലയിലും മറ്റും ദിവസേന അങ്ങോട്ടുമിങ്ങോട്ടും ജോലി ആവശ്യത്തിനും മറ്റും പോയിവരുന്ന നിരവധിപേരുണ്ട്. നിയന്ത്രണങ്ങളിൽ ഇളവുവന്നിട്ടും ഇവർക്കൊന്നും തൊഴിൽസ്ഥലങ്ങളിലെത്താനാവാത്ത പ്രശ്നമുണ്ട്.