മാനന്തവാടി: അയോധ്യ കേസിൽ സുപ്രീംകോടതിവിധി നീതിനിഷേധമാണെന്നാരോപിച്ച് മാനന്തവാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തിയ 66 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു. ജില്ലാസെക്രട്ടറി എസ്. മുനീർ അടക്കമുള്ളവരാണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. പ്രകടനം തുടങ്ങുമ്പോഴേക്കും പോലീസ് തടഞ്ഞ് അറസ്റ്റുചെയ്യുകയായിരുന്നു. നീതിനിഷേധത്തിനെതിരേ ശബ്ദിക്കണമെന്നെഴുതിയ പ്ലക്കാർഡുകൾ, കൊടി, ബാനർ തുടങ്ങിയവയും പിടിച്ചെടുത്തു. അന്യായമായി സംഘംചേരൽ, ഗതാഗതം തടസ്സപ്പെടുത്തൽ, പോലീസിന്റെ സമ്മതമില്ലാതെ പ്രകടനം നടത്തൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനംചെയ്തത്.
മാനന്തവാടി സി.ഐ. പി.കെ. മണി, എസ്.ഐ. സി.ആർ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസുകാരെത്തിയാണ് പ്രവർത്തകരെ അറസ്റ്റുചെയ്തത്. മാനന്തവാടിയിലും പരിസരപ്രദേശങ്ങളും പോലീസ് സുരക്ഷ ശക്തമാക്കി. പ്രവർത്തകരെ അറസ്റ്റുചെയ്ത നടപടിയിൽ പോപ്പുലർഫ്രണ്ട് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് പി.ടി. സിദ്ദീഖ് അധ്യക്ഷതവഹിച്ചു.