ഗൂഡല്ലൂർ : നഗരസഭയിലെ ശൗചാലയം വൃത്തിയായി പരിപാലിക്കുന്നയാൾക്ക് നാട്ടുകാരുടെ ആദരം. പന്തല്ലൂർ ശൗചാലയം നടത്തിപ്പുകാരൻ ജി. ദേവേന്ദ്രനെയാണ് ഗൂഡല്ലൂർ ഉപഭോക്തൃസംരക്ഷണകേന്ദ്രം, മഹാത്മാഗാന്ധി പൊതുസേവന കേന്ദ്രം എന്നിവ ആദരിച്ചത്. ദേവേന്ദ്രൻ, ശൗചാലയത്തിന്റെ മുൻഭാഗം വീടിന്റെ വരാന്തയെന്നപോലെ അലങ്കരിക്കുകയും മുറ്റത്ത് പൂന്തോട്ടവും ഔഷധത്തോട്ടവും നിർമിച്ച് പരിപാലിക്കുകയും ചെയ്യുന്നുണ്ട്. തുച്ഛമായ ദിവസവരുമാനം ലഭിക്കുന്നയാളായിട്ടുകൂടി തൊഴിലിനോട് ആത്മാർഥത പുലർത്തുന്നതിനാണ് നാട്ടുകാർ ആദരിച്ചത്. പരിപാടിയിൽ ദേവേന്ദ്രനെ, ജെ. കാളിമുത്തു പൊന്നാടയണിയിച്ചു. മഹാത്മാഗാന്ധി പൊതുസേവനകേന്ദ്രം ചെയർമാൻ എ. നൗഷാദ് അധ്യക്ഷനായി. ഉപ്പട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ പി.ഐ. അനസൂയ പുരസ്കാരം നൽകി. വി. സുബ്രഹ്മണ്യം, വി. രാമചന്ദ്രൻ, എൻ.വി. സൂസൈ എന്നിവർ സംസാരിച്ചു.