കല്പറ്റ : റോഡിലും കവലകളിലും ഇറങ്ങി നടക്കുന്നവരെ പിടികൂടാൻ പോലീസിന്റെ ഡ്രോൺ സംവിധാനം നിരീക്ഷണത്തിനിറങ്ങി. പോലീസിന്റെ സാന്നിധ്യമില്ലെങ്കിലും പുറത്തിറങ്ങുന്നവരുടെ ദൃശ്യങ്ങൾ പകർത്തിയെടുത്ത് നടപടി സ്വീകരിക്കും. ദൃശ്യങ്ങളിൽനിന്ന് ആളുകളെ കണ്ടെത്തി നിയമ നടപടികളിലേക്ക് പോലീസ് നീങ്ങും. കല്പറ്റയിൽ ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഡ്രോൺ വഴിയുള്ള നിരീക്ഷണത്തിന് തുടക്കമിട്ടു. റോഡിൽ അനാവശ്യമായി ഇറങ്ങുന്നവരുടെ എണ്ണം കുറയുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബത്തേരി, മാനന്തവാടി തുടങ്ങിയ പട്ടണങ്ങൾ, അതിർത്തികൾ, ചുരങ്ങൾ എന്നിവിടങ്ങളിലാണ് ഡ്രോൺ നിരീക്ഷണമുണ്ടാവുക.