കല്പറ്റ : നവംബറിൽ സ്കൂൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ പ്രൈമറി വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരുടെ ഒഴിവുകൾ നികത്തണമെന്ന് കെ.പി.എസ്.ടി.എ. ആവശ്യപ്പെട്ടു. കേരളത്തിലെ 1700 പ്രൈമറി സ്കൂളുകൾ നാഥനില്ലാക്കളരിയായിട്ടും രണ്ടുവർഷമായി നിയമനങ്ങളൊന്നും നടക്കുന്നില്ല. വയനാട്ടിൽ അറുപതോളം പ്രൈമറി സ്കൂളുകളിൽ പ്രധാനാധ്യാപകരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. എൽ.പി., യു.പി. അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി പ്രശ്നം പരിഹരിക്കണം. ജില്ലാപ്രസിഡന്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സുരേഷ് ബാബു വാളൽ, എം.വി. രാജൻ, എം.എം. ഉലഹന്നാൻ, ടി.എൻ. സജിൻ, എം. പ്രദീപ്കുമാർ, അബ്രഹാം കെ. മാത്യു, ബിജു മാത്യു, അബ്രഹാം ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു.