കല്പറ്റ : ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് നടപ്പാക്കുന്ന ‘കെസ്‌റു’ സ്വയംതൊഴിൽ പദ്ധതിയിൽ വായ്പയ്ക്കായി അപേക്ഷിച്ച 55 സംരംഭകർക്ക് ജില്ലാസമിതി അംഗീകാരം നൽകി.

സംരംഭത്തിന്റെ പ്രായോഗികത, വരുമാനസാധ്യത എന്നിവ പരിശോധിച്ചശേഷമാണ് അപേക്ഷകൾക്ക് ജില്ലാസമിതി അംഗീകാരം നൽകിയത്. അംഗീകരിച്ച അപേക്ഷകൾ ജില്ലാസമിതിയുടെ ശുപാർശയോടെ അപേക്ഷകർ ആവശ്യപ്പെടുന്ന സർവീസ് ഏരിയാബാങ്കിലേക്ക് അയക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്, കളക്ടർ, ജില്ലാ ലീഡ് ബാങ്ക് മാനേജർ, പ്രിൻസിപ്പൽ, കൃഷി ഓഫീസർ, ജില്ലാ വ്യവസായകേന്ദ്രം മാനേജർ, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ, എംപ്ലോയ്‌മെന്റ് ഓഫീസർ (എസ്.ഇ.) എന്നിവരടങ്ങുന്നതാണ് ജില്ലാസമിതി.

പരമാവധി ഒരുലക്ഷം രൂപവരെ വായ്പ ലഭിക്കുന്ന വ്യക്തിഗത സംരംഭപദ്ധതിയാണ് കെസ്‌റു. എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള 21-നും 50-നും ഇടയിൽ പ്രായമുള്ളവർക്ക് പദ്ധതിപ്രകാരം വായ്പയ്ക്കായി അപേക്ഷിക്കാം.

ബാങ്കുകളുടെ സഹകരണത്തോടെ നിബന്ധനകൾക്ക് വിധേയമായാണ് വായ്പനൽകുക. വായ്പത്തുകയുടെ 20 ശതമാനമാണ് സബ്‌സിഡി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്നുള്ള തൊഴിലവസരങ്ങൾക്ക് വായ്പ തടസ്സമാവില്ല.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി കളക്ടർ (ആർ.ആർ) കെ. ഗോപിനാഥ്, ലീഡ് ബാങ്ക് മാനേജർ പി.എൽ. സുനിൽ, കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ.എസ്. ജെസിമോൾ, ജില്ലാ വ്യവസായകേന്ദ്രം അസി. ഇൻഡസ്ട്രീസ് ഓഫീസർ പി.ആർ. കലാവതി, ജില്ലാ എംപ്ളോയ്‌മെന്റ് ഓഫീസർ ടി.പി. ബാലകൃഷ്ണൻ, എംപ്ലോയ്‌മെന്റ് ഓഫീസർ (എസ്.ഇ.) ടി. അബ്ദുൽറഷീദ്, എം.പി. അനുമോദ്, പി.കെ. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.