വടുവൻചാൽ : പാടിവയലിൽ കാലങ്ങളായി കാടുമൂടിക്കിടന്ന ബസ് കാത്തിരിപ്പുകേന്ദ്രം നാട്ടുകാർ നവീകരിച്ചു. വൈറ്റ് ഗാർഡ്, പൾസ് എമർജൻസി ടീം എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് നന്നാക്കിയത്.

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ മൂപ്പൈനാട് പ്രാഥമികാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ശ്രമദാനവുമായി ഇറങ്ങിയത്.

ദ്രവിച്ചുവീണ മേൽക്കൂരയിൽ പുതിയ ഷീറ്റുകൾ വിരിച്ചു. പരിസരത്തെ കാട് വെട്ടിമാറ്റി കെട്ടിടത്തിന് പുതിയ നിറം നൽകി. യുവാക്കളും മുതിർന്നവരുമടക്കം ഒട്ടേറെപ്പേരുടെ ഒരുദിവസത്തെ അധ്വാനമാണിത്.

പുതിയ കെട്ടിടത്തിലേക്ക് മാറുന്ന രണ്ട് ആശുപത്രികളുടെയും ഫർണിച്ചറും മറ്റു സാമഗ്രികളുമെല്ലാം ഇവരാണ് പാടിവയലിൽ എത്തിച്ചത്. വടുവൻചാൽ ടൗണിലെ ചുമട്ടുതൊഴിലാളികളുടെയും കച്ചവടക്കാരുടെയും സഹകരണം ലഭിച്ചു.