കല്പറ്റ : ട്രൈബൽ എജ്യുക്കേഷൻ മെത്തഡോളജി ‘ഒന്റു നില്ലുവ’ പദ്ധതിയുടെഭാഗമായി കാട്ടിക്കുളം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ആർട്ട്‌ഹോം ശില്പശാല നടത്തി. കേരള മഹിളാ സമഖ്യ സൊസൈറ്റി, കെ. ഡിസ്‌ക്, ലിങ്കൺ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. ചിത്രകാരൻ ഉമേഷ് വിസ്മയത്തിന്റെ നേതൃത്വത്തിൽ 13 ഗോത്രവർഗ വിദ്യാർഥികളെ ഉൾപ്പെടുത്തി ഗോത്ര സംസ്കാരത്തിനു പ്രാധാന്യംനൽകുന്ന ചിത്രങ്ങളാണ് സ്കൂളിന്റെ ചുമരിൽവരച്ചത്. വേട്ടയാടാനിറങ്ങുന്ന മൂപ്പൻമാർ, വേട്ടക്കാരിൽനിന്ന് രക്ഷപ്പെട്ടോടുന്ന മാനുകൾ, മൃഗങ്ങളെ വേട്ടയാടി ജീവിക്കുന്ന മനുഷ്യൻ തുടങ്ങിയവയാണ്‌ ചിത്രങ്ങൾ. പ്രഥമാധ്യാപകൻ സി. ശിവസുബ്രഹ്മണ്യം ഉദ്ഘാടനം ചെയ്തു. സമാപനം പഞ്ചായത്തംഗം എം.കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വി.ഡി. അംബിക, സി.പി. ലൂസി, കെ. സിജിത്ത്, എ.ജി. മായ സംസാരിച്ചു.