സുൽത്താൻബത്തേരി : ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീൽ പിൻവലിക്കണമെന്ന് വയനാട് എക്യുമെനിക്കൽ ഫോറം.

സംസ്ഥാനത്ത് ന്യൂനപക്ഷ സ്കോളർഷിപ്പ് ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണ അനുപാതം നീതിരഹിതമാണെന്ന കണ്ടെത്തലിൽ ഇതുനിർത്തലാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരേയാണ് സർക്കാർ അപ്പീൽ നൽകിയത്. അപ്പീൽ നൽകിയത് അനുചിതവും സർക്കാരിന്റെ മതേതരനിലപാടിനേറ്റ കളങ്കവുമാണ്.

ഹൈക്കോടതിവിധി മാനിക്കാത്തത് ക്രൈസ്തവവിഭാഗത്തോടുള്ള വിവേചനമാണ്. വിധി നടപ്പാക്കാൻ തയ്യാറായില്ലെങ്കിൽ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കും. പ്രസിഡന്റ് ഫാ. ജെയിംസ് പുത്തൻപറമ്പിൽ അധ്യക്ഷത വഹിച്ചു.

വർഗീസ് കാട്ടമ്പിള്ളിൽ, ഫാ. ജോർജ് കൗങ്ങുമ്പിള്ളിൽ, ഫാ. എ.ടി. ബേബി, ഫാ. ജോയ് വർഗീസ്, ഫാ. സിനു തെക്കേതോട്ടത്തിൽ, വി.പി. തോമസ്, ടോമി പാണ്ടിശേരി, പി.വി. വർഗീസ് എന്നിവർ സംസാരിച്ചു.