മേപ്പാടി : കോവിഡ് ഭീതി കുറഞ്ഞിട്ടും മേപ്പാടി-ചൂരൽമല-മുണ്ടക്കൈ റൂട്ടിലെ രാത്രി ബസ് സർവീസുകൾ പുനരാരംഭിച്ചില്ല. രാത്രി 8.30, 9.30, 10 എന്നീ സമയങ്ങളിൽ കല്പറ്റ പഴയ സ്റ്റാൻഡിൽനിന്ന് ചൂരൽമല, മുണ്ടക്കൈ ഭാഗത്തേക്കുണ്ടായിരുന്ന ബസ് സർവീസുകളാണ് ഇനിയും ഓടിത്തുടങ്ങാത്തത്.

രാത്രി 7.30 കഴിഞ്ഞാൽ ഈ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് അധിക നിരക്ക് നൽകി ടാക്സി വാഹനങ്ങളിൽ യാത്ര ചെയ്യേണ്ട ഗതികേടാണ്. കോവിഡ് രൂക്ഷമായതിനെത്തുടർന്ന് നിർത്തിവെച്ച ബസ് സർവീസുകൾ ഒരുമാസം മുമ്പാണ് പുനരാരംഭിച്ചത്.

എന്നാൽ വേണ്ടത്ര യാത്രക്കാരുണ്ടാവില്ലെന്ന് കാണിച്ച് മുമ്പുണ്ടായിരുന്ന രാത്രി സർവീസുകൾ പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി. അധികൃതർ തയ്യാറായിട്ടില്ല.

മേപ്പാടി-ചൂരൽമല റൂട്ടിൽ ഒരു സ്വകാര്യ ബസ് ഓടുന്നുണ്ടെങ്കിലും വൈകീട്ട് ആറോടെ സർവീസ് നിർത്തുകയാണ് പതിവ്. രാത്രി 7.30-ന് കല്പറ്റയിൽനിന്ന് പുറപ്പെടുന്ന കെ.എസ്.ആർ.ടി.സി. ബസ് പോയാൽ ഈ ഭാഗത്തേക്കുള്ള യാത്രക്കാർ പെരുവഴിയിലാകും.