തലപ്പുഴ : തകർന്നുതരിപ്പണമായ പാൽച്ചുരം റോഡ് നന്നാക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പാൽച്ചുരം റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായി 69.10 ലക്ഷം രൂപയുടെ പദ്ധതിയാണ് കേരള റോഡ് ഫണ്ട് ബോർഡ് തയ്യാറാക്കിയത്.

ബോയ്സ് ടൗൺമുതൽ പാൽച്ചുരംവരെയുള്ള റോഡ് നന്നാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കിഫ്ബി മുഖേനയാണ് പാൽച്ചുരം റോഡ് നന്നാക്കാനുള്ള പദ്ധതി. നടപടികൾ പൂർത്തീകരിച്ചശേഷം മാനേജ്മെൻറ് യൂണിറ്റിൽ ലഭിച്ചാലുടൻ ഇത് കിഫ്ബിയിൽ സമർപ്പിച്ച് തുടർനടപടി വേഗത്തിലാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

സണ്ണി ജോസഫ് എം.എൽ.എ. നൽകിയ സബ്മിഷന് കഴിഞ്ഞദിവസം നിയമസഭയിൽ മറുപടിപറയുമ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2018, 2019 വർഷങ്ങളിലെ പ്രളയത്തിലാണ് കണ്ണൂർ-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡ് പാടെ തകർന്നത്. അതിനുശേഷം ചെറിയ അറ്റകുറ്റപ്പണി ചെയ്തതൊഴിച്ചാൽ ഇതുവരെ പാൽച്ചുരം റോഡ് കാര്യമായി നന്നാക്കിയിരുന്നില്ല.

ചുരത്തിലെ ചെകുത്താൻതോടിനു പരിസരത്തുള്ള പ്രദേശങ്ങളിൽ റോഡ് ഇപ്പോൾ പൂർണമായും പൊട്ടിത്തകർന്നിട്ടുണ്ട്. ടാറിങ് പൊളിഞ്ഞ് മിക്കയിടങ്ങളിലും വലിയ കുഴികളായിമാറി. ഒന്നു-രണ്ടു മുടിപ്പിൻ വളവുകൾ, ആശ്രമം കവല, ചുരത്തിന്റെ തുടക്കഭാഗത്തെ വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം റോഡ് പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്.

പാർശ്വഭാഗങ്ങളെല്ലാം ഇടിഞ്ഞ്‌ അപകടാവസ്ഥയിലാണ്. പാർശ്വഭാഗങ്ങൾ ഇടിഞ്ഞുപോയ പ്രദേശങ്ങളിൽ മുളകൊണ്ടുള്ള വേലികൾ മാത്രമാണ് ഇപ്പോഴത്തെ സുരക്ഷ. ഇങ്ങനെയുള്ള ഈ ചുരം റോഡിലൂടെയാണ് ബസ് ഉൾപ്പെടെയുള്ള വലുതും ചെറുതുമായ വാഹനങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്നത്.

ഇതിനകം ഒട്ടേറെ വാഹനങ്ങളാണ് റോഡിന്റെ തകർച്ചകാരണം അപകടത്തിൽപ്പെട്ടത്. ഏറെ ആശങ്കയോടെയാണ് ഇപ്പോൾ ഡ്രൈവർമാർ പാൽച്ചുരത്തിലൂടെ വാഹനങ്ങൾ ഓടിക്കുന്നത്.

വടകര ചുരം ഡിവിഷനുകീഴിലായിരുന്ന പാൽച്ചുരം റോഡ് കേരള റോഡ് ഫണ്ട് ബോർഡ് ഏറ്റെടുത്തിട്ടുണ്ട്. പാൽച്ചുരവുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇനി നിർവഹിക്കുന്നത് ഈ ബോർഡാണ്. ഒരുമാസംമുമ്പ് ബോർഡിലെ ഉദ്യോഗസ്ഥർ പാൽച്ചുരം സന്ദർശിച്ച് സ്ഥിതി വിലയിരുത്തുകയും പരിശോധിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് റോഡ് നന്നാക്കാനുള്ള പദ്ധതി തയ്യാറാക്കിയത്. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മാനന്തവാടിയിലേക്കുള്ള നാലുവരിപ്പാതപദ്ധതിയുടെ ഭാഗമായി പാൽച്ചുരം റോഡ് നവീകരിക്കാനുള്ള നടപടിയും ഇതിനകം തുടങ്ങിയിട്ടുണ്ട്. പാൽച്ചുരത്തിൽ രണ്ടുവരിപ്പാതയായാണ് വികസിപ്പിക്കുന്നത്.

റോഡിന്റെ അലൈൻമെൻറ്, പ്രോജക്ട് റിപ്പോർട്ട്, എൻജിനിയറിങ് ഡിസൈൻ എന്നിവ തയ്യാറാക്കാൻ കൺസൽട്ടൻസിയെ സർക്കാർ ചുമതലപ്പെടുത്തിയിട്ടുണ്ട്. അലൈൻമെൻറിന്റെ കാര്യത്തിൽ അന്തിമതീരുമാനമുണ്ടായാൽ തുടർനടപടിയുണ്ടാകുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.

കണ്ണൂർ, കാസർകോട് ജില്ലകളെ വയനാടും തമിഴ്നാടുമായി എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിന്റെ വികസനം ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ കാണുന്നത്.